പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ല; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രം

കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയില്‍ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 13 മില്യണ്‍ ആളുകള്‍ പ്രവാസി ഇന്ത്യക്കാരായുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കുക അപ്രായോഗികമാണെന്നും കേന്ദ്രം അറിയിച്ചു.

പ്രവാസികള്‍ക്ക് അവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ആളുകള്‍ രാജ്യത്തേക്കെത്തുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. വിസ കാലാവധി തീരുന്ന പ്രശ്‌നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില് അറിയിച്ചു.

പ്രവാസികളെ കേരളം കൊണ്ടുവരാന്‍ തയ്യാറെങ്കില്‍ അതിനെ പറ്റി ആലോചിച്ച് കൂടെ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട ഹര്‍ജി 21ലേക്ക് മാറ്റി.

Exit mobile version