ചുമ്മാ നാടകം കളിക്കരുത്, മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്?, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും, ബോബി ചെമ്മണ്ണൂരിന് താക്കീതുമായി ഹൈക്കോടതി

high court

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ജയില്‍ മോചിതനായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിന് കോടതി മുന്നറിയിപ്പു നല്‍കി.

ചുമ്മാ നാടകം കളിക്കരുതെന്നും കഥ മെനയാന്‍ ശ്രമിക്കരുതെന്നും ഇങ്ങനെ കളിച്ചാല്‍ ജാമ്യം എങ്ങനെ റദ്ദു ചെയ്യണമെന്ന് അറിയാമെന്നും വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞു.

ബോബി ചെമ്മണ്ണൂര്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി നടത്തുന്ന നാടകമാണോ ഇതെന്നു കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി.

ഇങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണണെന്ന് കോടതിക്ക് അറിയാം. ബോബിയെ ജയിലിലിട്ട് വിചാരണ നടത്താന്‍ അറിയാമെന്നും തനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുന്ന നടപടിയാണ് ബോബി ചെമ്മണൂര്‍ ചെയ്തതെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കേണ്ട. നിയമത്തിന് മുകളിലാണെന്ന് ബോബിക്ക് തോന്നുന്നുണ്ടോ? മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്? എന്നും മറ്റു പ്രതികളുടെ വക്കാലത്ത് ബോബി എടുക്കേണ്ടതില്ലെന്നും അതിന് നീതിന്യായ വ്യവസ്ഥ ഇന്നാട്ടിലുണ്ടെന്നും കോടതി പറഞ്ഞു.

Exit mobile version