ഇതാവണമെടാ കലക്ടര്‍!; എസ് സുഹാസിനെ പ്രശംസിച്ച് രഞ്ജി പണിക്കര്‍; കൈയ്യടിച്ച് മമ്മൂട്ടി

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ട് പോയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയ എറണാകുളം കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥകൃത്തും നടനുമായ രഞ്ജി പണിക്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജി പണിക്കര്‍ കളക്ടര്‍ സുഹാസിനെ പ്രശംസിച്ച് രംഗത്ത് വന്നത്.

രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐഎഎസ്. ഒറ്റപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടര്‍…sense ..sensibility..sensitivity..Suhas..- രഞ്ജി പണിക്കര്‍ കുറിച്ചു.

പിന്നാലെ മമ്മൂട്ടി പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു. മമ്മൂട്ടി പോസ്റ്റ് ഷെയര്‍ ചെയ്തതോടെ നിരവധി പേരാണ് കളക്ടര്‍ക്ക് അഭിനന്ദനവുമായി രംഗത്ത് വന്നത്. ഒറ്റപ്പെട്ടു പോയ താന്തോണിത്തുരുത്ത് നിവാസികള്‍ക്ക് സഹായവുമായി എത്തിയതായിരുന്നു കലക്ടര്‍ എസ് സുഹാസ്. മറ്റൊരു മാര്‍ഗത്തിലൂടെയും എത്താനാകാത്ത ഈ സ്ഥലത്തേക്ക് വഞ്ചിയിലാണ് കളക്ടര്‍ ഭക്ഷ്യകിറ്റുകളുമായ് എത്തിയത്. 65ഓളം കുടുംബങ്ങള്‍ക്കാണ് അവശ്യവസ്തുക്കളുമായി കലക്ടര്‍ നേരിട്ടെത്തിയത്.

അരിയും പലവ്യഞ്ജനങ്ങളുമടക്കം 17 കൂട്ടം സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്കായ് എത്തിച്ചത്. വഞ്ചിക്കാരല്ലാതെ സുരക്ഷാ ചുമതലയിലുള്ളവരുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ അകടമ്പടിയില്ലാതെയാണ് കലക്ടര്‍ താന്തോണിത്തുരുത്തിലേക്ക് വന്നത്.

Exit mobile version