കൊവിഡ് പ്രതിരോധത്തില്‍ പുതുവഴികള്‍ തേടി സംസ്ഥാനം; ഹൗസ് ബോട്ടുകള്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം, 500ല്‍ അധികം മുറികള്‍

ആലപ്പുഴ: ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്ന കൊവിഡ് 19 പ്രതിരോധത്തില്‍ പുതുവഴികള്‍ തേടി സംസ്ഥാനം. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ഭരണകൂടം ഹൗസ് ബോച്ചുകള്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകളാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ജില്ലയിലെ വിവിധയിടങ്ങളിലുള്ള ഹൗസ് ബോട്ടുകളിലാണ് ഇത്തരത്തിലുള്ള 500 ല്‍ പരം മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഹൗസ് ബോട്ട് മുറികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. ഇതോടെ ജില്ലയിലെ കൊവിഡ് ബെഡ്ഡുകളുടെ എണ്ണം 1500 ല്‍ നിന്ന് 2000 ആക്കി ഉയര്‍ത്താന്‍ സാധിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ എം. അഞ്ജന വ്യക്തമാക്കി.

ആലപ്പുഴ ജില്ലയില്‍ 6,686 പേരാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11 പേര്‍ ആശുപത്രികളിലും 6675 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ രണ്ട് പേരാണ് രോഗ വിമുക്തരായത്. ജില്ലയില്‍ ഇപ്പോള്‍ മൂന്ന് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെയാണ് പുതുതായി ഒരാളെ കൂടി ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. വീടുകളില്‍ പുതുതായി 119 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Exit mobile version