കൊച്ചിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുടെ യൂണിഫോം ധരിച്ച് കറക്കം; ഒടുവില്‍ ക്ലിപ്പിട്ട് പോലീസ്

കൊച്ചി: ലോക്ക് ഡൗണ്‍ വിലക്കുകളും ലംഘിച്ച് ഭക്ഷണ വിതരണ കമ്പനിയുടെ യൂണിഫോം ഇട്ട് കറങ്ങി നടന്ന യുവാക്കളെ പോലീസ് പിടികൂടി. എറണാകുളം സ്വദേശികളായ ഷഹീദ്, അനീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നഗരത്തില്‍ പരിശോധന നടത്തുകയായിരുന്ന പോലീസുകാരാണ് ഇവരെ പിടികൂടിയത്. ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിലാണ് യുവാക്കള്‍ ബൈക്കില്‍ എത്തിയതെങ്കിലും സംശയത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് വ്യാജമെന്ന് വ്യക്തമായതെന്നും പോലീസ് പറയുന്നു.

‘തേവര ജങ്ഷനില്‍ എത്തിയ യുവാക്കള്‍ യൂണിഫോം ധരിച്ചിരുന്നെങ്കിലും ഫുഡ് ഡെലിവറിയ്ക്കായുള്ള ബാഗോ ഭക്ഷണമോ ഉണ്ടായിരുന്നില്ല. കൂുടതല്‍ പരിശോധനയില്‍ ഇവര്‍ ഫുഡ് ഡെലിവറിയ്ക്ക് എത്തിയതല്ലെന്ന് വ്യക്തമാവുകയായിരുന്നു’ -സൗത്ത് സിഐ അനീഷ് പറയുന്നു. ഇവര്‍ നേരത്തേ ഫുഡ് ഡെലിവറി നടത്തിയിരുന്നവരാണെന്നും ലോക്ക്ഡൗണ്‍ സമയത്ത് യൂണിഫോം ഉപയോഗിച്ച് പുറത്തിറങ്ങുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണില്‍ ഫുഡ് ഡെലിവറിയെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് ഇളവ് അനുവദിച്ചിരുന്നു. കൊച്ചി നഗരത്തില്‍ ഇത്തരത്തില്‍ ഭക്ഷണവിതരണം നടത്തുന്ന നിരവധി പേരുണ്ട്. ഇതിന്റെ മറവിലാണ് യുവാക്കള്‍ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ വിലക്കുകള്‍ ലംഘിച്ച് നഗരം ചുറ്റാനിറങ്ങിയത്.

Exit mobile version