മകളുടെ ജീവന്‍ രക്ഷിക്കാന്‍ മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചൊവ്വാഴ്ച ഇമെയില്‍ അയച്ചു; വ്യാഴാഴ്ച ബംഗളൂരുവില്‍ നിന്ന് മരുന്നുമായി ഐജി വീട്ടുപടിക്കല്‍! കരുതലിന് കൈയ്യടി

തിരുവനന്തപുരം: മകളുടെ ജീവന്‍ രക്ഷിക്കാന്‍ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ച യുവാവിന്റെ വീട്ടുപടിക്കല്‍ ബംഗളൂരുവില്‍ നിന്ന് മരുന്ന് എത്തിച്ചത് രണ്ട് ദിവസത്തിനുള്ളില്‍. ഖത്തറില്‍ ജോലി നോക്കുന്ന തിരുവല്ലം സ്വദേശി പ്രജിത്താണ് ആറ് മാസം പ്രായമുള്ള തന്റെ മകള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇമെയില്‍ സന്ദേശമയച്ചത്. ചൊവ്വാഴ്ചയാണ് മെയില്‍ അയച്ചത്. കേരള പോലീസ് മരുന്ന് ലഭിച്ചത് വ്യാഴാഴ്ചയും.

പ്രജിത്തിന്റെ ആറുമാസം പ്രായമുളള മകള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറഞ്ഞുപോകുന്ന അവസ്ഥയാണ്. ദിവസേന മുടങ്ങാതെ മരുന്ന് കഴിക്കണം. കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ആയായതോടെ കുഞ്ഞിന് വേണ്ട മരുന്ന് ലഭിക്കാതെയായി. മരുന്ന് കിട്ടാന്‍ പലവിധത്തിലുള്ള വഴി തേടിയെങ്കിലും വിഫലമായി.

ഒടുവില്‍ ബംഗളൂരുവില്‍ നിന്നും മരുന്ന് ലഭിച്ചു, പക്ഷേ നാട്ടിലെത്തിക്കാന്‍ വഴിയൊന്നും ലഭിച്ചില്ല. ഒടുവില്‍ തിരുവല്ലത്തെ തന്റെ വീട്ടിലേക്ക് മരുന്നെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 മണിക്ക് പ്രജിത്ത് മുഖ്യമന്ത്രിക്ക് ഇമെയില്‍ അയക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നടപടി ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോലീസ് ആസ്ഥാനത്തേക്ക് തുടര്‍ നടപടിക്കായി ഇമെയില്‍ കിട്ടിയതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജനമൈത്രി നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് ഐജിയുമായ എസ് ശ്രീജിത്തിനെ ബംഗളൂരുവില്‍ നിന്ന് മരുന്ന് നാട്ടിലെത്തിക്കാന്‍ ചുമതലപ്പെടുത്തി.

ശേഷം ബംഗളൂരു ഐജിയുമായി ബന്ധപ്പെട്ട് ബംഗളൂരു പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. വാങ്ങിവച്ചിരുന്ന മരുന്ന് ബംഗളൂരു പോലീസ് ചൊവ്വാഴ്ച വൈകുന്നേരം തന്നെ കാസര്‍ഗോഡ് അതിര്‍ത്തിയിലെത്തിച്ചു. അവിടെ നിന്ന് കേരള പോലീസ് ഏറ്റുവാങ്ങി. കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നിന്ന് തിരുവനന്തപുരം വരെ 19 ഹൈവെ പട്രോള്‍ വാഹനങ്ങള്‍ കൈമാറി മരുന്ന് തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. പോലീസ് ആസ്ഥാനത്തെ അലെര്‍ട്ട് സെല്ലിന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് വാഹനങ്ങള്‍ മരുന്നുമായി യാത്ര തുടര്‍ന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച മരുന്ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഐജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പ്രജിത്തിന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു.

Exit mobile version