ഓപ്പറേഷന്‍ സാഗര്‍ റാണി; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍

കൊച്ചി: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍. മാരകമായ കാന്‍സറിന് വരെ കാരണമാകുന്ന ബെന്‍സോയ്ക് ആസിഡാണ് മീനുകള്‍ പഴകാതിരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള 4000 കിലോയിലേറെ വരുന്ന മീനാണ് ഇന്ന് പുലര്‍ച്ചെ എറണാകുളം വൈപ്പിനില്‍ നിന്ന് അധികൃതര്‍ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബോട്ടില്‍നിന്ന് വൈപ്പിന്‍ സ്വദേശിയായ ഷാജിയാണ് മീന്‍ വാങ്ങിയത്. കണ്ടെയ്‌നര്‍ ലോറിയില്‍ മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങളിലേക്ക് മീന്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കുന്നംകുളം മാര്‍ക്കറ്റില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 1440 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നിന്ന് നൂറ് കിലോ അഴുകിയ ചെമ്മീനും പിടിച്ചെടുത്തു. ഇന്നലെ കോട്ടയത്ത് നിന്ന് 600 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്.

Exit mobile version