നടന്‍ ശശി കലിംഗയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നടന്‍ ശശി കലിംഗയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല്‍നൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചുനിന്ന അദ്ദേഹം പില്‍ക്കാലത്ത് മലയാള സിനിമയിലും സ്വന്തമായ ഇടം നേടിയിരുന്നുവെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വി ചന്ദ്രകുമാര്‍ എന്നാണ് ശശി കലിംഗയുടെ യഥാര്‍ത്ഥത്തിലുള്ള പേര്. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന അദ്ദേഹം ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം അദ്ദേഹം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500ലധികം നാടകങ്ങളാണ് അദ്ദേഹം ഈ കാലയളവില്‍ അഭിനയിച്ച് തീര്‍ത്തത്.

മമ്മൂട്ടി നായകനായി എത്തിയ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ റുപ്പി, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ഇതിനിടയില്‍ ഒരു ഹോളിവുഡ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ് ശശി കലിംഗ. പ്രഭാവതിയാണ് ഭാര്യ.

Exit mobile version