വിളക്ക് തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അശാസ്ത്രീയം; പക്ഷേ എതിര്‍ക്കേണ്ടതില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം തീര്‍ത്തും അശാസ്ത്രീയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതിനെ നിലവില്‍ എതിര്‍ക്കെണ്ടതില്ലെന്നും പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം പറയുന്നതിനെ നിലവിലെ സാഹചര്യത്തില്‍ ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കലിനെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിളക്ക് തെളിയിക്കാന്‍ പറഞ്ഞത് തികച്ചും അശാസ്ത്രീയമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ എതിര്‍ക്കേണ്ടതില്ല. പ്രധാനമന്ത്രിയെന്ന നിലക്ക് അദ്ദേഹം പറയുന്നതിനെ നിലവിലെ സാഹചര്യത്തില്‍ ഉള്‍ക്കൊള്ളണം -മുഖ്യമന്ത്രി പറഞ്ഞു. വെളിച്ചം തെളിയിക്കുക എന്നത് നല്ല കാര്യമാണ്. ദീപം തെളിയിക്കുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയേണ്ടതുണ്ട്. അത് പിന്നീട് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐക്യദീപം തെളിയിക്കാന്‍ പ്രധാന മന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം നിരവധി പേര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കവേ ഐക്യദീപത്തിന് പിന്തുണ പ്രഖ്യാപിച്ച് ആളുകള്‍ ഒത്തു കൂടി. പിന്തുണ പ്രഖ്യാപിച്ച് ചിലയിടങ്ങളില്‍ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടന്നിരുന്നു. ചിലയിടങ്ങളില്‍ വീടിന് തീ പിടിക്കുന്ന സാഹചര്യം വരെയുണ്ടായി.

Exit mobile version