വ്യാഴമാറ്റത്തിലൂടെ രാജ്യത്തു വ്യാപിച്ച മഹാമാരി ജൂണ്‍ മുപ്പതിനു ശേഷം ശാന്തമാകും, രാജ്യം സമ്പല്‍സമൃദ്ധി കൈവരിക്കും; പണിക്കര്‍ സര്‍വീസ് സൊസൈറ്റി വിഷുസംക്രമഫലം

panicker-service-society-vishufalam

തൃശ്ശൂര്‍: രാജ്യത്ത് വ്യാപിച്ച മഹാമാരി ജൂണ്‍ മുപ്പതിനു ശേഷം ശാന്തമായി രാജ്യം സമ്പല്‍സമൃദ്ധി കൈവരിക്കുമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റിയുടെ വിഷുസംക്രമഫലം. ഈ വര്‍ഷത്തെ ചൈത്രമാസ വിഷുസംക്രമഫലം പ്രഖ്യാപിച്ചു. പുരാതന ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗോളങ്ങളുടെ പരസ്പര പ്രതിഭാസങ്ങളെ ഗണിച്ചു രേഖപ്പെടുത്തിയതാണ് ചൈത്രമാസ വിഷുസംക്രമഫലമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധര പണിക്കര്‍, ജനറല്‍ സെക്രട്ടറി ഇ.എം. രാജാമണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വ്യാഴമാറ്റത്തിലൂടെ രാജ്യത്തു വ്യാപിച്ച മഹാമാരി ജൂണ്‍ മുപ്പതിനു ശേഷം ശാന്തമാകുമെന്നും രാജ്യം സമ്പല്‍സമൃദ്ധി കൈവരിക്കുമെന്നും ഫലം പറയുന്നു.2020 ഏപ്രില്‍ 14നാണ് (1195 മേടം ഒന്ന്) വിഷു ദിനം. വിഷു പുണ്യദിനമായ ചൊവ്വാഴ്ച പുലര്‍ച്ചെ അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ നിലവിളക്കും സമീപത്ത് ഉരുളിയില്‍ കൊന്നപ്പൂവ്, കണിവെള്ളരി, ഉടച്ച നാളികേരം, അരി, കോടിമുണ്ട്, അഷ്ടമംഗലം, സ്വര്‍ണനാണയങ്ങള്‍ എന്നിവയൊരുക്കി പുലര്‍ച്ചെ 4.30 മുതല്‍ 5.45 വരെ കണി കാണുന്നതിന് ശുഭസമയമാണ്.

മേടമാസം തുലാം രാശിയിലും അഗ്‌നി ഭൂതോദയത്തിലും ആരംഭിക്കയാല്‍ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ട്. തുടക്കത്തില്‍ മഴ കുറയും. അതിനു ശേഷം വര്‍ധിക്കും. മഴയുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് രാജ്യത്തും പുറംരാജ്യങ്ങളിലും പ്രകൃതിക്ഷോഭം, സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കല്‍ എന്നിവയുണ്ടാകും. കേരളത്തില്‍ ചിങ്ങം, കന്നി മാസങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണം. ജൂണ്‍ 21ന് ഞായറാഴ്ച പകല്‍ 10.15ന് ആരംഭിക്കുന്ന സൂര്യഗ്രഹണം ഉച്ചക്ക് 1.18വരെ നീണ്ടു നില്‍ക്കും. ഗ്രഹണശേഷം പകര്‍ച്ച വ്യാധി, ഭൂചലനം എന്നിവ ഫലമായി കാണുന്നതിനാല്‍ കരുതല്‍ വേണം.

Exit mobile version