കൊറോണ വന്നതോടെ ജാതിയുമില്ല മതവുമില്ല, എല്ലാം മറന്ന് വൈറസിനെ ചെറുക്കാന്‍ എല്ലാവരും ഒന്നിച്ചുനിന്നു; ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമെന്ന് ജി മാധവന്‍ നായര്‍

തിരുവനന്തപുരം: കൊറോണ കാലമായതോടെ ജാതിയുമില്ല, മതവുമില്ല, രാഷ്ട്രീയവുമില്ല, എല്ലാം മറന്ന് ജനങ്ങള്‍ ജീവിക്കാന്‍ പഠിച്ചുവെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘കൊറോണ ഉള്‍പ്പെടെ എല്ലാ വൈറസുകളും നിഷ്‌ക്രിയമായി മണ്ണില്‍ത്തന്നെയുണ്ട്. അനുകൂല സാഹചര്യം വരുമ്പോള്‍ അവ കത്തിപ്പടരുകയും ചെയ്യും. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിലെ കാര്യം നോക്കുകയാണെങ്കില്‍, ഇങ്ങനെ ചിലത് വന്നുകൊണ്ടേയിരിക്കും. ഇത് സ്വാഭാവിക പ്രതിഭാസമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കൊറോണ പടര്‍ന്നുപിടിച്ചതോടെ രാഷ്ട്രീയവും മതവുമില്ലാതെ ജനങ്ങള്‍ ജീവിക്കാന്‍ പഠിച്ചു. കൊറോണ വൈറസിനെ ചെറുക്കാനായി ജാതിയുടേയോ രാഷ്ട്രീയത്തിന്റെയോ നിറം നോക്കാതെ ഇന്ത്യക്കാര്‍ ഒരുമിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവും മതവുമില്ലാതെ ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിച്ചത് ഒരു വലിയ നേട്ടമാണെന്നും രാഷ്ട്രീയ നീക്കങ്ങള്‍ മാറ്റിവച്ച് രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരും ശ്രദ്ധ ചെലുത്തണമെന്നും എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഇത് ആവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുരിതാശ്വാസത്തിനുള്ള പണം മുന്‍കാലങ്ങളില്‍ ഇടനിലക്കാര്‍ കൈക്കലാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് കുറഞ്ഞിട്ടുണ്ടെന്നും എന്നും ഇത് ഒഴിവാക്കുന്ന നടപടി തുടരുകയാണെങ്കില്‍ രാജ്യത്തിന് നല്ലതാണെന്നും മാധവന്‍ നായര്‍ വ്യക്തമാക്കി.

Exit mobile version