കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്ന് എംഎ യൂസഫലിയുടെ ആസ്തിയിലേക്ക് വളര്‍ന്നിട്ട് ഞാന്‍ കോടികള്‍ സംഭാവന ചെയ്യുമെന്ന് എങ്ങനെ ന്യായങ്ങള്‍ പറയും..? വൈറലായി ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ കുറിപ്പ്

തിരുവനന്തപുരം: കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്ന് എംഎ യൂസഫലിയുടെ ആസ്തിയിലേക്ക് വളര്‍ന്നിട്ട് ഞാന്‍ കോടികള്‍ സംഭാവന ചെയ്യുമെന്ന് എങ്ങനെ ന്യായങ്ങള്‍ പറയും…? ഇത് സര്‍ക്കാര്‍ ജീവനക്കാരനായ അബ്ദുള്ളക്കുട്ടി എടവനയുടെ വാക്കുകളാണ്. കൊവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാര്‍ മുന്‍പോട്ട് വെച്ച സാലറി ചാലഞ്ചിലാണ് അദ്ദേഹം പ്രതികരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കഴിഞ്ഞ 24 വര്‍ഷക്കാലമായി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ശമ്പളമാണ് എന്റെ ഏക വരുമാനം. ഞാന്‍ സ്ഥലം വാങ്ങി വീടുവച്ചതും വാഹനം വാങ്ങിയതും ഇത്തിരി കൃഷി ഭൂമി വാങ്ങിയതും ആകസ്മികമായി ഇടയ്ക്ക് രണ്ടു മൂന്നു തവണ വലിയ സാമ്പത്തിക ബാധ്യത വന്ന ചികില്‍സാച്ചെലവുകള്‍ നിവര്‍ത്തിച്ചതും മക്കളുടെ വിദ്യാഭ്യാസവും. ഇങ്ങനെ മോശമല്ലാത്ത വിധം ഇത്രയും കാലം ജീവിച്ചു പോന്നത് ഈ ശമ്പളം കൊണ്ടു മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

എന്റെ മാര്‍ച്ചുമാസത്തെ ശമ്പളം പതിവുപോലെ ഒരൊറ്റ പൈസ കുറവില്ലാതെ കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി മെസേജ്. കൊവിഡ് മഹാമാരിയില്‍ നാടാകെ എല്ലാ അര്‍ത്ഥത്തിലും വിഷമിച്ചു നില്‍ക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ തരത്തിലുമുള്ള ആസൂത്രിത ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, മുഖ്യമന്ത്രി സുതാര്യമായി സംസ്ഥാനത്തെ ജനങ്ങളോട് വൈകുന്നേരങ്ങളില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി പങ്കുവെക്കുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം തവണകളായിട്ടാണെങ്കിലും ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

മറ്റെല്ലാ വിഭാഗക്കാര്‍ക്കും വരുമാനത്തിന് തടസ്സം നേരിട്ടിരിക്കേ അരക്കാശ് പോലും കുറവില്ലാതെ ശമ്പളം ഈ മാസവും കൈപ്പറ്റിയ ഞാന്‍ എങ്ങനെ ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ, ഞാനുള്‍പ്പെടുന്ന സംസ്ഥാനത്തെ സഹായിക്കാതെ മാറി നില്‍ക്കുമെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്തെന്ന പോലെ ഈ സാലറി ചലഞ്ചും തവണകളായി ഒരു മുറുമുറുപ്പും കൂടാതെ ഞാന്‍ അഭിമാനത്തോടെ എറ്റെടുക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കഴിഞ്ഞ 24 വര്‍ഷക്കാലമായി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ശമ്പളമാണ് എന്റെ ഏക വരുമാനം. ഞാന്‍ സ്ഥലം വാങ്ങി വീടുവച്ചതും വാഹനം വാങ്ങിയതും ഇത്തിരി കൃഷി ഭൂമി വാങ്ങിയതും ആകസ്മികമായി ഇടയ്ക്ക് രണ്ടു മൂന്നു തവണ വലിയ സാമ്പത്തിക ബാധ്യത വന്ന ചികില്‍സാച്ചെലവുകള്‍ നിവര്‍ത്തിച്ചതും മക്കളുടെ വിദ്യാഭ്യാസവും …. ഇങ്ങനെ മോശമല്ലാത്ത വിധം ഇത്രയും കാലം ജീവിച്ചു പോന്നത് ഈ ശമ്പളം കൊണ്ടു മാത്രമാണ്.

ഈ കോവിഡ്കാലത്ത് , മാര്‍ച്ച് മാസത്തിലെ ഏതാനും പരീക്ഷാ ഡ്യൂട്ടികള്‍ നിര്‍വ്വഹിച്ച് ഞാന്‍ കുടുംബത്തോടൊപ്പം പൂര്‍ണ്ണമായും വീട്ടില്‍ കഴിയുന്നു. എന്റെ അയല്‍പക്കത്തെ വീടുകളില്‍ ഒരാള്‍ മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരന്‍. ബാക്കിയുള്ളവര്‍ ടാപ്പിംഗ്, ചായക്കച്ചവടം, ലോട്ടറി വില്‍പ്പന, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, കൃഷി, ആശാരിപ്പണി തുടങ്ങിയവരുമാനക്കാര്‍. അവരെല്ലാം നിത്യ വരുമാനം പൂര്‍ണ്ണമായും നിലച്ച് പ്രയാസത്തിലാണ് എന്നറിയുന്നുണ്ട്.

എന്റെ മാര്‍ച്ചുമാസത്തെ ശമ്പളം പതിവുപോലെ ഒരൊറ്റ പൈസ കുറവില്ലാതെ കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി മെസേജ് ! കോവിഡ് മഹാമാരിയില്‍ നാടാകെ എല്ലാ അര്‍ത്ഥത്തിലും വിഷമിച്ചു നില്‍ക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ തരത്തിലുമുള്ള ആസൂത്രിത ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ … മുഖ്യമന്ത്രി സുതാര്യമായി സംസ്ഥാനത്തെ ജനങ്ങളോട് വൈകുന്നേരങ്ങളില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി പങ്കുവെക്കുമ്പോള്‍ … സര്‍ക്കാര്‍ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം തവണകളായിട്ടാണെങ്കിലും ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നു…

മറ്റെല്ലാ വിഭാഗക്കാര്‍ക്കും വരുമാനത്തിന് തടസ്സം നേരിട്ടിരിക്കേ അരക്കാശ് പോലും കുറവില്ലാതെ ശമ്പളം ഈ മാസവും കൈപ്പറ്റിയ ഞാന്‍ എങ്ങനെ ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ, ഞാനുള്‍പ്പെടുന്ന സംസ്ഥാനത്തെ സഹായിക്കാതെ മാറി നില്‍ക്കും ? ഏതെങ്കിലും തരത്തിലുള്ള കണക്കുകള്‍ ഉദ്ധരിച്ചും ഈ കാശ് ആരെങ്കിലും വെട്ടി വിഴുങ്ങുമെന്ന ആകുലതകള്‍ പറഞ്ഞും ഇഷ്ടമുള്ളവര്‍ കൊടുത്തോട്ടെ എന്ന് ഉദാരത പ്രകടിപ്പിച്ചും എങ്ങനെ ധാര്‍മ്മികമായ സ്വന്തം ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കും?

എന്റെ കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്ന് എംഎ യൂസുഫലിയുടെ ആസ്തിയിലേക്ക് വളര്‍ന്നിട്ട് ഞാന്‍ കോടികള്‍ സംഭാവന ചെയ്യുമെന്ന് ഈ സാഹചര്യത്തില്‍ എങ്ങനെ ന്യായങ്ങള്‍ പറയും? കഴിഞ്ഞ പ്രളയകാലത്തെന്ന പോലെ ഈ സാലറി ചലഞ്ചും തവണകളായി ഒരു മുറുമുറുപ്പും കൂടാതെ ഞാന്‍ അഭിമാനത്തോടെ എറ്റെടുക്കുന്നു.

– അബ്ദുള്ളക്കുട്ടി എടവണ്ണ

Exit mobile version