പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കണം, അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല; മന്ത്രി വിഎസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: ഏപ്രില്‍ അഞ്ച് ഞായറാഴ്ച വൈകുന്നേരം എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കണമെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍. ലോക്ക് ഡൗണില്‍ ഓരോ വീട്ടിലും ഒറ്റപ്പെട്ട് കഴിയുമ്പോളും വെളിച്ചത്തിലൂടെ നമ്മള്‍ എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. അദ്ദേഹത്തിന്റെ ഈ ആഹ്വാനത്തില്‍ ആരും രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊവിഡ് 19 വൈറസിനെതിരെ പോരാടുന്നുവെന്ന് ഇതിലൂടെ നമ്മള്‍ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം ഇതിനായി മാറ്റിവെയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയായണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു ആഹ്വാനം നടത്തിയത്.

ഇത്തരത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും ഇതിനായി ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണമെന്നാണ് മോഡി പറഞ്ഞത്. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.

ഇത്തരത്തിലുള്ള ചെറുദീപങ്ങളുടെ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും കൊറോണയുടെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊറോണയെ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് ജനങ്ങളെല്ലാം സഹകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version