കൊവിഡ് 19ല്‍ അടിയന്തര സേവനം തടസപ്പെടരുത്; അഞ്ച് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിയമിച്ചത് 134 ഡോക്ടര്‍മാരെ

തിരുവനന്തപുരം: കൊറോണ വൈറസിനെതിരെ പോരാടാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ അടിയന്തര സവേനം തടസപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ 134 ഡോക്ടര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. അതും അഞ്ച് ദിവസത്തിനുള്ളിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. 276 അസിസ്റ്റന്റ് സര്‍ജന്‍ തസ്തികകളിലേക്ക് പിഎസ്‌സി മാര്‍ച്ച് 20-നാണ് നിയമനോപദേശം അയച്ചത്.

നാലു ദിവസത്തിനകം എല്ലാ നടപടികളും പൂര്‍ത്തിയാക്കി രാത്രി വീഡിയോകോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തി ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിയമന ഉത്തരവ് ഇറക്കിയത് മാര്‍ച്ച് 25-നാണ്. മെഡിക്കല്‍ പിജി കോഴ്സിനു പഠിക്കുന്നവര്‍ക്കു മാത്രമേ ഇത്തവണ ജോലിയില്‍ പ്രവേശിക്കുന്നതിന് സമയം നീട്ടിനല്‍കിയിട്ടുള്ളൂ. സാധാരണഗതിയില്‍ തിരുവനന്തപുരത്ത് ഡിഎച്ച്എസ് ഓഫീസില്‍ നേരിട്ടെത്തി നിയമന ഉത്തരവ് കൈപ്പറ്റണം. എന്നാല്‍, ഇത്തവണ നിയമനം ലഭിച്ചവര്‍ അതത് ജില്ലകളിലെ ഡിഎംഒമാരുടെ മുന്നില്‍ റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം.

കൂടാതെ, മൂന്ന് ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്നും കര്‍ശനമായി നിര്‍ദേശം മുന്‍പോട്ട് വെയ്ക്കുന്നുണ്ട്. 25-ന് നിയമന ഉത്തരവ് ലഭിച്ചതില്‍ ഭൂരിഭാഗവും സര്‍വീസില്‍ പ്രവേശിച്ചുകഴിഞ്ഞതായാണ് വിവരം. അതേസമയം, 36 പേര്‍ ഇനിയും ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ഇവരുടെ നോണ്‍ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കി അടിയന്തരമായി ഇത്രയും തസ്തികകളിലേക്ക് വീണ്ടും അഡൈ്വസ് മെമ്മോ അയക്കാന്‍ ആരോഗ്യവകുപ്പ് പിഎസ്‌സിയോട് ആവശ്യപ്പെടും.

ആരോഗ്യവകുപ്പിലേക്ക് ഡോക്ടര്‍മാരുടെ നിയമനത്തിനുപുറമേ ലാബ് അസിസ്റ്റന്റ് പോലുള്ള തസ്തികകളിലേക്കും കഴിഞ്ഞദിവസങ്ങളില്‍ അടിയന്തരമായി നിയമനം നല്‍കിയിട്ടുണ്ട്. അഭിമുഖം ഒഴിവാക്കിയാണ് പിഎസ്‌സി ലാബ് അസിസ്റ്റന്റുമാരെ നിയമിച്ചത്.

Exit mobile version