ദുരന്തങ്ങള്‍ മാത്രമല്ല കൊറോണ കാലത്ത് നന്മകളും! ലോകം കണ്ട മഹാമാരിയിലും കുറെയേറെ സന്തോഷങ്ങള്‍ ഉണ്ട്

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മഹാദുരന്തത്തിനുമുണ്ട് ചില നല്ല വശങ്ങള്‍. ഏതൊരു കാര്യത്തിനും നല്ലതും ചീത്തതുമായ ഇംപാക്ട് ഉണ്ടായിരിക്കും. അതുപോലെയാണ് 199 രാജ്യങ്ങളില്‍ കാല്‍ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ കൊറോണയെന്ന മഹാദുരന്തത്തിലുമുണ്ട് ചില നല്ല വശങ്ങള്‍. വ്യക്തികളില്‍ മാത്രമല്ല രാജ്യങ്ങളിലും രാജ്യാന്തര ബന്ധങ്ങളിലും കൊറോണ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

1. പ്രകൃതിക്ക് അതിന്റെ സ്വാഭാവികത തിരിച്ചുകിട്ടി. അന്തരീക്ഷ മലിനീകരണം കുറഞ്ഞു, പക്ഷികള്‍ യഥേഷ്ടം എത്തിത്തുടങ്ങി. മെട്രോ ടൗണുകളിലൊക്കെ ശുദ്ധവായു കിട്ടിത്തുടങ്ങി. കൊറോണ എത്തിയ രാജ്യങ്ങളെല്ലാം ലോക്ക്ഡൗണ്‍ ആയതോടെ ലോകത്തിലെ മിക്ക നഗരങ്ങളും ശുദ്ധീകരിക്കപ്പെട്ടു.ലോകം മനുഷ്യര്‍ക്ക് മാത്രമുള്ളതല്ലെന്ന് തെളിഞ്ഞു.

2. വീടും ഓഫീസാക്കാമെന്ന് ബോധ്യമായി. ഭാവിയില്‍ ഇത് വലിയൊരു സാധ്യതയാണ് സമ്മാനിക്കുക. പുതിയൊരു ഓഫീസ് തുടങ്ങാന്‍ വലിയൊരു തുക നിക്ഷേപിക്കാതെതന്നെ കഴിയും. നാം തയ്യാറാണെങ്കില്‍ വീട്ടിലും ഓഫീസ് ജോലിയാകാം. വലിയൊരു തുക ലാഭിക്കുകയും ചെയ്യാം.

3. ശീലങ്ങള്‍ മാറ്റാന്‍ കാരണമായി.അനാവശ്യമായ തിരക്കുകള്‍ ഇല്ലാതെയും ജീവിക്കാമെന്ന് തെളിയിച്ചു. ഭക്ഷണ ശീലങ്ങള്‍ മാറ്റി. ആര്‍ഭാട ഭക്ഷണം ഇല്ലാതെയും ജീവിക്കാമെന്നായി. ഹോട്ടല്‍ ഭക്ഷണം ഇല്ലാതായതോടെ വീട്ടിലെ നല്ല ഭക്ഷണം കഴിച്ചു തുടങ്ങി. ഒരിക്കലും ഒഴിവാക്കാനാവാത്ത ശീലങ്ങളാണ് കൊറോണക്കാലം മാറ്റിയത്. ചുമ്മാ അങ്ങാടികളിലൊക്കെ ആള്‍ക്കൂട്ടമായിരുന്നവര്‍ വീട്ടിലെ സ്ഥിരക്കാഴ്ചകരായി. പുതിയ പല നല്ല ശീലങ്ങളും തുടങ്ങാന്യമായി

4. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനായി. മക്കളോടൊപ്പം കളിക്കാനും ഉല്ലസിക്കാനും വീട്ടില്‍ ജോലികള്‍ ചെയ്യാനും അവസരമായി. പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ദൃഢമായി. അടുക്കളയില്‍ പരസ്പരം സഹായിക്കാനും അവസരമായി.

5. ഒഴിവാക്കാന്‍ പറ്റാത്ത മദ്യപാനശീലത്തിന് കടിഞ്ഞാണിട്ടു. മദ്യമില്ലാത്ത നല്ലൊരു ജീവിതം സാധ്യമാകുമെന്ന് ബോധ്യമായി. പലരും മദ്യമില്ലാതെ ഒരു ദിവസം പോലും കഴിയാനാവില്ലെന്ന് വിശ്വസിച്ചവരാണ്. അവര്‍ക്കിപ്പോള്‍ അവരില്‍തന്നെ തികഞ്ഞ വിശ്വാസമായി.

6. വായനക്കു കൂടുതല്‍ സമയം കിട്ടി.

7. ആരോഗ്യ പരിപാലനം ഒരു ശീലമായി. ഹാന്റ് വാഷും സാനിറ്റൈസറും ഒരു നല്ല ശീലമായി ജീവിതത്തിലെത്തി.

8. മാറ്റിവെച്ച വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ ചെയ്തു തീര്‍ക്കാനായി. മരാമത്തു പണികള്‍, കുട്ടികളുടെ കേടുവന്ന സൈക്കിള്‍ നന്നാക്കല്‍.. അങ്ങനെ
പലതും.

9. അറ്റുപോയ സൗഹൃദങ്ങള്‍ തുന്നിച്ചേര്‍ക്കാനായി.

9. ആരാധനക്കും പ്രാര്‍ത്ഥനയ്ക്കും കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിഞ്ഞു.

10 രോഗങ്ങള്‍ കുറഞ്ഞു, ശരീരവും മനസും ശാന്തമായി, ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാതായി.അതോടെ മരുന്ന് തീറ്റയില്‍നിന്ന് രക്ഷപ്പെട്ടു. അനാവശ്യമായ ചിലവുകള്‍ ഇല്ലാതായി.

നോക്കൂ.. ഈ മഹാദുരന്തം എത്രയും പെട്ടെന്ന് മാറട്ടെ.. ഒപ്പം പുതിയ നല്ല ശീലങ്ങളുമായി നല്ല മനുഷ്യരായി നമുക്കും മാറാം. എല്ലാത്തിലുമുണ്ട് രണ്ടുവശങ്ങള്‍. നാം ഏതിലാണോ കൂടുതല്‍ ചിന്തിച്ച് സമയം കളയുന്നത്.നമുക്ക് അത് ലഭിക്കും.നിമിഷത്തിന്റെ പുത്രനാവുക. അവിടെയാണ് വിജയവും സന്തോഷവും.

Exit mobile version