ലോക്ക് ഡൗണ്‍; മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് മൂന്നുപേര്‍കൂടി ആത്മഹത്യചെയ്തു

കൊച്ചി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകളൊക്കെ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി മദ്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലായാണ് മരണം നടന്നത്.

കുണ്ടറ പെരുമ്പുഴ ഡാല്‍മിയ പാമ്പുറത്തുഭാഗം എസ്‌കെ ഭവനില്‍ പരേതനായ വേലു ആചാരിയുടെ മകന്‍ സുരേഷ് (38), കണ്ണൂര്‍ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പില്‍ കെസി വിജില്‍ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്പില്‍ ബാവന്റെ മകന്‍ വാസു (37) എന്നിവരാണ് മരിച്ചത്.

സുരേഷ് വീടിനുള്ളിലാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനാല്‍ ദിവസങ്ങളായി സുരേഷ് അസ്വസ്ഥനായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. കണ്ണൂരില്‍ മരിച്ച വിജില്‍ കയറ്റിറക്ക് തൊഴിലാളിയാണ്. മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെമുതല്‍ ഇയാള്‍ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

പറവൂരില്‍ ആത്മഹത്യ ചെയ്ത വാസു രണ്ടുദിവസമായി മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മദ്യം കഴിക്കാനാകാത്തതിലുള്ള മാനസികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളും പ്രദേശത്തുള്ളവരും പോലീസിനോടു പറഞ്ഞത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച ഇയാളെ പോലീസ് വീടിന്റെ വാതില്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Exit mobile version