ഭീതി വിതച്ച് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ നാല് മരണം; 42 പുതിയ കേസുകള്‍

ന്യൂഡല്‍ഹി:ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 42 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. എന്നാല്‍ അത് വലിയതോതിലുള്ള വര്‍ധനവല്ല. ഇത് ആദ്യഘട്ടത്തിലെ ട്രെന്‍ഡ് ആണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. കൊവിഡ് രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കൊവിഡ് ബാധിച്ച് 13 പേരാണ് ഇതുവരെ മരിച്ചത്. ലോകത്ത് ആകെ മരണം ഇരുപത്തി രണ്ടായിരം കടന്നു. ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയിലാണ്. 7503 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്‌പെയിനില്‍ നാലായിരം പേരും മരിച്ചു. അമേരിക്കയില്‍ മരണം ആയിരം കടന്നു.

Exit mobile version