കേരളം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ പരിഹസിക്കല്ലേ കേന്ദ്രമന്ത്രി; വി മുരളീധരന് മന്ത്രി എകെ ബാലന്റെ മറുപടി

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 അനാവശ്യമാണെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന അനുചിതവും വസ്തുതാവിരുദ്ധവുമാണെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കേന്ദ്രമന്ത്രിക്ക് മറുപടി നല്‍കിയത്. മഹാമാരിയെ പ്രതിരോധിക്കുന്നതിനും അതിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനും സംസ്ഥാന സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും രാപ്പകല്‍ഭേദമന്യേ പരിശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പരിഹസിക്കുകയാണ് വി മുരളീധരനെന്നും മന്ത്രി പറയുന്നു.

ഇതുവരെ കേരളം നേരിട്ടിട്ടില്ലാത്ത അസാധാരണമായ ഒരു ആരോഗ്യപ്രശ്‌നത്തെ പ്രതിരോധിക്കാനാണ് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇത്രയും ഭീകരമായ ഒരു പകര്‍ച്ചവ്യാധിയെ ഇതുവരെ കേരളം നേരിട്ടിട്ടില്ല. ലോകമാകെ ഈ മഹാമാരിയുടെ പിടിയിലാണ്. പല വികസിത രാജ്യങ്ങളും ഇതിനെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ്. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 എന്തിനാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കറിച്ചു.

കേന്ദ്ര മന്ത്രി അവകാശപ്പെടുന്നത് പോലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 269, 270, 271 വകുപ്പുകളോ 188-ാം വകുപ്പോ ഉപയോഗിച്ച് മഹാമാരിയെ നേരിടാന്‍ കഴിയില്ല. രോഗം മനഃപൂര്‍വ്വം പരത്തുന്ന ഒരാളെ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാത്ത ഒരാളെ ശിക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് മേല്‍പറഞ്ഞ വകുപ്പുകള്‍. ദുര്‍ബലമായ അധികാരങ്ങളും ശിക്ഷകളുമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. 2005 ലെ ദുരന്ത നിവാരണ ആക്ടിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പര്യാപ്തമാണെന്ന കേന്ദ്രമന്ത്രിയുടെ അവകാശവാദവും ശരിയല്ല. ദുരന്തനിവാരണ നിയമം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രയോഗിക്കാന്‍ വേണ്ടിയുള്ളതാണെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകൃതിക്ഷോഭ സമയത്തെ ഭീതിപരത്തുന്ന വാര്‍ത്ത, വ്യാജ ആനുകൂല്യം കൈപ്പറ്റല്‍ തുടങ്ങിയവ തടയുന്നതിന് അധികാരം നല്‍കുന്ന വകുപ്പുകളാണ്. മാത്രമല്ല, നിലവിലുള്ള ഈ നിയമങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്നിടത്ത് അവ പ്രയോഗിക്കുന്നതിന് പുതിയ ഓര്‍ഡിനന്‍സ് ഒരു തടസ്സവും ആകുന്നില്ല. കൊറോണ പോലെയുള്ള മഹാമാരിയെ പ്രതിരോധിക്കുന്നതിന് മനുഷ്യരുടെ സഞ്ചാരങ്ങളും പ്രവൃത്തികളും ആവശ്യമെങ്കില്‍ തടയുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ വേണം. ആ ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സിന് രൂപം നല്‍കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനും സമാനതകളില്ലാത്ത പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്നത് ഉചിതമാണോ എന്ന് കേന്ദ്ര മന്ത്രി ചിന്തിക്കണമെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 അനാവശ്യമാണെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന അനുചിതവും വസ്തുതാവിരുദ്ധവുമാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിനും അതിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനും സംസ്ഥാന സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും രാപ്പകല്‍ഭേദമന്യേ പരിശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പരിഹസിക്കുകയാണ് വി മുരളീധരന്‍.

ഇതുവരെ കേരളം നേരിട്ടിട്ടില്ലാത്ത അസാധാരണമായ ഒരു ആരോഗ്യപ്രശ്‌നത്തെ പ്രതിരോധിക്കാനാണ് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇത്രയും ഭീകരമായ ഒരു പകര്‍ച്ചവ്യാധിയെ ഇതുവരെ കേരളം നേരിട്ടിട്ടില്ല. ലോകമാകെ ഈ മഹാമാരിയുടെ പിടിയിലാണ്. പല വികസിത രാജ്യങ്ങളും ഇതിനെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ്. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 എന്തിനാണെന്ന് ബഹു. മുഖ്യമന്ത്രി തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

കേന്ദ്ര മന്ത്രി അവകാശപ്പെടുന്നത് പോലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 269, 270, 271 വകുപ്പുകളോ 188-ാം വകുപ്പോ ഉപയോഗിച്ച് മഹാമാരിയെ നേരിടാന്‍ കഴിയില്ല. രോഗം മനഃപൂര്‍വ്വം പരത്തുന്ന ഒരാളെ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാത്ത ഒരാളെ ശിക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് മേല്‍പറഞ്ഞ വകുപ്പുകള്‍. ദുര്‍ബലമായ അധികാരങ്ങളും ശിക്ഷകളുമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. 2005 ലെ ദുരന്ത നിവാരണ ആക്ടിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പര്യാപ്തമാണെന്ന കേന്ദ്രമന്ത്രിയുടെ അവകാശവാദവും ശരിയല്ല. ദുരന്തനിവാരണ നിയമം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രയോഗിക്കാന്‍ വേണ്ടിയുള്ളതാണ്.

ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകൃതിക്ഷോഭ സമയത്തെ ഭീതിപരത്തുന്ന വാര്‍ത്ത, വ്യാജ ആനുകൂല്യം കൈപ്പറ്റല്‍ തുടങ്ങിയവ തടയുന്നതിന് അധികാരം നല്‍കുന്ന വകുപ്പുകളാണ്. മാത്രമല്ല, നിലവിലുള്ള ഈ നിയമങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്നിടത്ത് അവ പ്രയോഗിക്കുന്നതിന് പുതിയ ഓര്‍ഡിനന്‍സ് ഒരു തടസ്സവും ആകുന്നില്ല.

കൊറോണ പോലെയുള്ള മഹാമാരിയെ പ്രതിരോധിക്കുന്നതിന് മനുഷ്യരുടെ സഞ്ചാരങ്ങളും പ്രവൃത്തികളും ആവശ്യമെങ്കില്‍ തടയുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ വേണം. ആ ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സിന് രൂപം നല്‍കിയിട്ടുള്ളത്.

റോഡ്, റെയില്‍, വിമാന മാര്‍ഗം സംസ്ഥാനത്തിലെത്തിച്ചേരുന്നവരെ പരിശോധിക്കുവാനും നിരീക്ഷണത്തില്‍ വെക്കുവാനുമുള്ള അധികാരം, അതിര്‍ത്തികള്‍ സീല്‍ ചെയ്യുവാനും പബ്ലിക്-പ്രൈവറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുമുള്ള അധികാരം, മതപരമായോ ആരാധനാപരമായോ മറ്റ് തരത്തിലോ സമ്മേളിക്കുന്നത് നിയന്ത്രിക്കാനും കടകമ്പോളങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ഫാക്ടറികളും അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള അധികാരം, സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള അധികാരം തുടങ്ങിയ വിപുലമായ അധികാരങ്ങള്‍ ഈ ഓര്‍ഡിനന്‍സിലുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും നല്‍കുന്നതിനും വ്യവസ്ഥയുണ്ട്. നിലവിലുള്ള നിയമങ്ങളില്‍ പിഴത്തുക പരമാവധി 3000 രൂപയായിരുന്നു.

നിലവിലുള്ള നിയമങ്ങള്‍ കൊറോണ പ്രതിരോധ നടപടികള്‍ക്ക് അപര്യാപ്തമെന്ന് കണ്ടാണ് കടുത്ത നടപടികള്‍ തന്നെ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിനെ കളിയാക്കാന്‍ സമയം കണ്ടെത്തുന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്വന്തം അണികളെയും കൂട്ടി കൊറോണ സമയത്ത് ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ചതും അതുവഴി ഹോം ക്വാറണ്ടൈനില്‍ പോകേണ്ടി വന്നതും സ്വയംവിമര്‍ശനപരമായി ചിന്തിക്കണം. ഒരു കേന്ദ്ര മന്ത്രി തന്നെ ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറിയാല്‍ നിലവിലുള്ള നിയമങ്ങള്‍ വെച്ച് സാധാരണ ജനങ്ങളെ എങ്ങനെയാണ് സര്‍ക്കാര്‍ നിയന്ത്രിക്കുക.?

കൊറോണ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനും സമാനതകളില്ലാത്ത പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്നത് ഉചിതമാണോ എന്ന് കേന്ദ്ര മന്ത്രി ചിന്തിക്കണം.

കേന്ദ്ര സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കോറോണക്കാലത്തു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒരു നിയമനിര്‍മാണം പാടില്ല എന്ന കേന്ദ്ര സഹമന്ത്രിയുടെ മനോഭാവം ഫെഡറല്‍ സംവിധാനത്തിനെതിരാണ്. ഇത്തരം സങ്കുചിത ചിന്തകള്‍ മാറ്റിവെച്ചിട്ട് ഈ അടിയന്തിര സാഹചര്യത്തില്‍ ഒന്നിച്ചുനില്‍കാനാണ് കേന്ദ്ര സഹമന്ത്രി തയ്യാറാവേണ്ടത്.

Exit mobile version