സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കൂ; നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍

കൊച്ചി: സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കൂ, നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഉത്തരേന്ത്യയില്‍ നിന്നും പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ 131 ആളുകളെ പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്.

സര്‍ക്കാരിന്റെ കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കാലാവധി കഴിയും വരെ ഇവര്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ കഴിയുന്നതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതേ ട്രെയിനില്‍ തന്നെ 190 പേര്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച് ഐസൊലേഷനില്‍ കഴിയുന്നുണ്ടെന്ന് മന്ത്രി കുറിച്ചു.

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ പലരും ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറയുന്നു. സ്വയം നിയന്ത്രണത്തിന് വിധേയമായി അച്ചടക്കത്തോട് കൂടി കഴിയാന്‍ ഇവരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നാടിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയും ഓരോ പൗരനും അനുസരിക്കാന്‍ ബാധ്യസ്തരാണ്. അതിന്റെ ഭാഗമായി എല്ലാ സഹായങ്ങളും കേരള സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കാസര്‍ഗോഡും പത്തനംതിട്ടയിലും സംഭവിച്ച അനുഭവം നമുക്ക് മുന്നിലുണ്ട്. ലോകത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്നും മന്ത്രി ബാലന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഉത്തരേന്ത്യയില്‍ നിന്നും പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ 131 ആളുകളെ പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാരിന്റെ കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കാലാവധി കഴിയും വരെ ഇവര്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ കഴിയുന്നതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതേ ട്രെയിനില്‍ തന്നെ 190 പേര്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച് ഐസൊലേഷനില്‍ കഴിയുന്നുണ്ട്.

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ പലരും ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മനസിലാക്കുന്നു. സ്വയം നിയന്ത്രണത്തിന് വിധേയമായി അച്ചടക്കത്തോട് കൂടി കഴിയാന്‍ ഇവരോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നാടിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയും ഓരോ പൗരനും അനുസരിക്കാന്‍ ബാധ്യസ്തരാണ്. അതിന്റെ ഭാഗമായി എല്ലാ സഹായങ്ങളും കേരള സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കാസര്‍ഗോഡും പത്തനംതിട്ടയിലും സംഭവിച്ച അനുഭവം നമുക്ക് മുന്നിലുണ്ട്. ലോകത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. അതിനോട് നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക വികാരം മാത്രം കണ്ടുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് എതിരായ ഇടപെടലുകള്‍ നടത്തിയാല്‍ അത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. നിലവില്‍ ഐസൊലേഷനില്‍ കഴിയേണ്ട സാഹചര്യവും അതിന്റെ ആവശ്യവും ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധികള്‍ മുന്‍കയ്യെടുക്കണം. താമസത്തിനും ഭക്ഷണത്തിനും വൈദ്യസഹായത്തിനും മനുഷ്യസാധ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. പ്രധാനമന്ത്രി രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗുരുതര സ്ഥിതിവിശേഷം ഒരു പക്ഷെ യാത്രക്കാര്‍ അറിഞ്ഞത് ട്രെയിന്‍ പുറപ്പെട്ടതിന് ശേഷമാകാം. അതിന് അവരെ കുറ്റപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ഒരുക്കിയ സംവിധാനത്തോട് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷമതകളുണ്ടെങ്കിലും പൊരുത്തപ്പെട്ടുപോകണം.

Exit mobile version