‘സ്വന്തം തടി സുരക്ഷിതമാക്കി ഓഫീസിലിരിക്കാമായിരുന്നിട്ടും അദ്ദേഹം അതിന് തയ്യാറായില്ല;എത്ര ആത്മാര്‍ത്ഥമായാണ് ആ മനുഷ്യന്‍ ഓടി നടക്കുന്നത്; ജോസഫ് അലക്‌സുമാര്‍ സിനിമയില്‍ മാത്രമല്ല, അന്ന് മമ്മൂക്ക പറഞ്ഞത് അക്ഷരം പ്രതി ശരിയാകുകയാണ്; കാസര്‍കോട് കളക്ടറെ പ്രശംശിച്ച് മമ്മൂട്ടിയുടെ പിആര്‍ഒ; വൈറലായി കുറിപ്പ്

കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധ ഏറ്റവും മോശമായി ബാധിച്ച ജില്ലയാണ് കാസര്‍കോട്. അതീവ ഗുരുതര സാഹചര്യമാണ് കാസര്‍കോട് ജില്ലയില്‍ ഉള്ളത്.ജില്ലയില്‍ കൊവിഡ് വ്യാപനം തടയാന്‍ കളക്ടറും ജില്ലാ ഭരണകൂടവും കഠിന പ്രയത്‌നമാണ് നടത്തുന്നത്.

കൊവിഡ് 19 വലിയ പ്രതിസന്ധിയുണ്ടാക്കിയ ജില്ലയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു നേരിട്ട് കളത്തിലിറങ്ങിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും ധിക്കരിക്കുന്നവരെ രൂക്ഷമായ ഭാഷയില്‍ വറുതയില്‍ നിര്‍ത്തുകയാണ് കളക്ടര്‍.

കളക്ടറിന്റെ പ്രവര്‍ത്തനങ്ങളെ അഭിന്ദിച്ച് നിരവധി പേരാണ് ഇതിനൊടകം രംഗത്ത് വന്നത്. ഇപ്പോള്‍ കളക്ടറെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റോബര്‍ട്ട് കാസര്‍കോട് കളക്ടറെ പ്രശംസിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്:

ഒന്നരവര്‍ഷം മുന്‍പാണ്, കാസറഗോഡ് മുള്ളേരിയ ആദിവാസി ഗ്രാമത്തിലെ ആദിവാസി സഹോദരങ്ങള്‍ക്ക് ഒപ്പം ഒരു ചടങ്ങില്‍ വച്ചാണ് ഡോ സജിത്ത് ബാബു എന്ന കാസറഗോഡ് ജില്ലാ കളക്ടറെ ആദ്യമായി കാണുന്നത്. അതിന് മുന്‍പ് പലവട്ടം ഫോണില്‍ സംസാരിച്ചപ്പോളും കാസറഗോഡ് ഉള്ള സുഹൃത്തുക്കളുടെ വാക്കുകളിലും ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയെ മനസ്സിലാക്കിയിരുന്നു. മുള്ളേരി മൂപ്പന്‍ ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ മമ്മൂക്ക അദ്ദേഹത്തിന്റെ ഊരിലേക്ക് ചെയ്തു കൊടുക്കുന്നുണ്ട് എന്ന് പറയാനും അനുവാദം വാങ്ങാനുമാണ് അന്ന് അദ്ദേഹവുമായി ആദ്യമായി സംസാരിക്കുന്നത്. പക്ഷേ, അദ്ദേഹം പറഞ്ഞു ‘ഞാനും വരുന്നുണ്ട് മമ്മൂക്കയെ കാണാന്‍ നിങ്ങള്‍ക്ക് കുറെ പദ്ധതികള്‍ ഉണ്ടല്ലോ, അത് അര്‍ഹതപെട്ടവരില്‍ എത്തണം.. ഞാനും സഹായിക്കാം ‘ കാസറഗോഡ് ജില്ലയിലെ മുഴുവന്‍ നിര്‍ധനരെയും സഹായിക്കുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിന് ഉള്ളു എന്ന് മനസ്സിലായി.

അന്നത്തെ ചടങ്ങിന് എത്തിയ ആദിവാസി സഹോദരങ്ങള്‍ മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ അവരുടെ ആവലാതികള്‍ പറയുന്നതിലും ശക്തമായ ഭാഷയില്‍ അവരെ അവരുടെ കളക്ടര്‍ സഹായിച്ചുകൊണ്ടിരിക്കുന്ന കഥകള്‍ പറയുന്നത് കേട്ടപ്പോള്‍ അവിടെ കൂടി നിന്നവര്‍ ആ കളക്ടറെ സ്‌നേഹാദരങ്ങളോടെ നോക്കി കാണുന്നതിന് ഞാനും സാക്ഷ്യം വഹിച്ചു.. ഇതെല്ലാം കേട്ട മമ്മൂക്ക നിറഞ്ഞ മനസ്സോടെ കളക്ടറെ അഭിനന്ദിക്കുന്നത് കണ്ടു. ഒപ്പം അദ്ദേഹം തമാശ ആയി ഇങ്ങനെ പറഞ്ഞു ‘ അല്ലങ്കിലും സഹായിക്കണം, കണ്ടറിഞ്ഞു പ്രവര്‍ത്തിക്കണം, അതിനല്ലേ കളക്ടറെ സര്‍ക്കാര്‍ ഇങ്ങോട്ടു വിട്ടിരിക്കുന്നത്.. ഇല്ലെങ്കില്‍ ചെവിക്ക് പിടിക്കാനും സര്‍ക്കാരിന് അറിയാം ‘.

തനിക്കു ഏറെ വാത്സല്യം തോന്നുന്ന അനുജനോട് എന്ന പോലെ മമ്മൂക്ക തമാശ ആയി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു, കളക്ടര്‍ പറഞ്ഞു ‘ അതേ മമ്മൂക്ക, ഞാന്‍ ഈ കുപ്പായം ഇടും മുന്‍പ് നാട്ടില്‍ മില്ല് നടത്തുകയായിരുന്നു , നല്ല ഒന്നാന്തരം മില്ല്.. സാമ്പത്തിക ലാഭം ആണെങ്കില്‍ അത് തന്നെ ആണ് മെച്ചം. പക്ഷേ എനിക്കും ചില ലക്ഷ്യങ്ങള്‍ ഉണ്ട്, ചുമതലകള്‍ ഉണ്ട്, പ്രതീക്ഷകളും.. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ പരാജയപ്പെട്ടാല്‍ ആ നിമിഷം ഞാനിത് അഴിച്ചു വച്ചു നാട്ടിലേക്കു വണ്ടി കയറും, അന്തസ്സായി മില്ല് നടത്തും ‘ കളക്ടറുടെ കയ്യ് പിടിച്ചു കുലുക്കി മമ്മൂക്ക അന്ന് പറഞ്ഞു, ‘നിങ്ങള്‍ മിടുക്കനാണ്.. കാസറഗോഡിന് നിങ്ങളെ ആവശ്യം ഉണ്ട് ‘

ഇന്ന് കാസര്‍ഗോട്ടെ സ്ഥിഗതി കാണുമ്പോള്‍ അന്ന് മമ്മൂക്ക പറഞ്ഞത് അക്ഷരം പ്രതിശരിയാകുകയാണല്ലോ എന്ന് തോന്നി. എത്ര ആല്‍മാര്‍ത്ഥമായാണ് ആ മനുഷ്യന്‍ ഓടി നടക്കുന്നത് ! വേണമെങ്കില്‍ ഓഫീസിലിരുന്ന് സ്വന്തം തടി ആദ്യം സുരക്ഷിതമാക്കി ഓര്‍ഡര്‍ ഇട്ട് ഇരിക്കാമായിരുന്നു. ഇത്രയും അപകട സാധ്യത ഉള്ള അവസ്ഥയില്‍ പോലും കാസറഗോടിന്റെ സ്വന്തം ‘ വല്യേട്ടനായി’ നാട് മുഴുവനും ഓടി നടന്ന്, ഊണും ഉറക്കവും ഇല്ലാതെ പണിയെടുക്കുന്ന കളക്ടറെ കാണുമ്പോള്‍ ജോസഫ് അലക്‌സുമാര്‍ സിനിമയില്‍ മാത്രം ഉള്ള പ്രതിഭാസം അല്ല എന്ന് മനസ്സിലാകുവാണ്.

എന്തായാലും ഭൂമിയിലെ മാലാഖമാരുടെയും ടീച്ചറമ്മയുടെയും നന്മ തിരിച്ചറിഞ്ഞ മലയാളി ഡോ സജിത്ത്ബാബു ഐ എ എസിനെ ‘കളക്ടറേട്ടന്‍’ എന്ന് വിളിച്ചു നെഞ്ചേറ്റുന്ന കാലം വിദൂരമല്ല എന്ന് വിശ്വസിക്കാം

Exit mobile version