അവരിനി ഗള്‍ഫ് കാണില്ല; നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടന്ന് രോഗവ്യാപനത്തിന് ഇടയാക്കി, കാസര്‍കോട് ജില്ലയിലെ രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും

കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം വിദേശത്ത് നിന്ന് നാട്ടിലെത്തിയിട്ടും സ്വയം നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടന്ന രണ്ട് കാസര്‍കോട് സ്വദേശികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇവര്‍ കറങ്ങി നടന്ന് രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തില്‍ ഇടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്.

അവരിലൂടെ നിരവധി പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. അതുകൊണ്ട് തന്നെ പാസ്പോര്‍ട്ടിന്റെ കാര്യങ്ങള്‍ ഉള്‍പ്പെടെ അവരിനി ഗള്‍ഫ് കാണാത്ത വിധത്തിലുള്ള സാഹചര്യമുണ്ടാകുമെന്നും കളക്ടര്‍ ഡോ. ഡി. സജിത് ബാബു വ്യക്തമാക്കി. ഇനിയും ജില്ലയില്‍ വിലക്ക് ലംഘിക്കുന്നത് തുടര്‍ന്നാല്‍ ഇതേരീതിയില്‍ തന്നെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ജില്ലയില്‍ 99.9 ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും എന്നാല്‍ തീരെ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് ഇപ്പോഴും സഹകരിക്കാത്തതെന്നും
അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Exit mobile version