ഇവരും ഐഎഎസ് ഡോക്ടര്‍മാര്‍ എന്നിട്ടും മറവിരോഗിക്ക് ചുമതല: ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് വിടി ബല്‍റാം

തൃശ്ശൂര്‍: മാധ്യമ പ്രവര്‍ത്തകനായിരുന്ന കെഎം ബഷീര്‍ കാറിടിച്ച് മരിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. ഡോക്ടറും കമ്യൂണിറ്റി മെഡിസിനില്‍ വിദേശത്തു നിന്ന് പരിശീലനവും ലഭിച്ച ശ്രീറാമിനെ കൊറോണ കാലത്ത് ഉപയോഗപ്പെടുത്താമെന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്താണ് വിടി ബല്‍റാമിന്റെ പോസ്റ്റ്.

ഡോക്ടര്‍മാരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുള്‍പ്പെടുന്ന ലിസ്റ്റ് പങ്കുവെച്ചാണ് വിടിയുടെ വിമര്‍ശനം. ഇത്രയും മെഡിക്കല്‍ ബിരുദം ഉള്ളവര്‍ ഇവിടെ ഉണ്ടായിട്ടും മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തില്‍ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാന്‍ പോലും തയ്യാറാകാത്ത ഒരു സസ്‌പെന്‍ഷന്‍കാരനെത്തന്നെ വേണോ ഈ സര്‍ക്കാരിന് കൊറോണ പ്രതിരോധത്തിന്റെ നിര്‍ണ്ണായകച്ചുമതല ഏല്‍പ്പിക്കാന്‍- എന്നും വിടി ചോദിച്ചു. സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പില്‍ അഡീഷ്ണല്‍ സെക്രട്ടറിയായാണ് നിയമിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഡോ. ആശാ തോമസ്
ഡോ. വി. വേണു
ഡോ. എ. ജയതിലക്
ഡോ. കെ. ഇളങ്കോവന്‍
ഡോ. ഉഷ ടൈറ്റസ്
ഡോ. ശര്‍മ്മിള മേരി ജോസഫ്
ഡോ. രത്തന്‍ കേല്‍ക്കര്‍
ഡോ. എം ബീന
ഡോ. വാസുകി
ഡോ. കാര്‍ത്തികേയന്‍
ഡോ. അദീല അബ്ദുള്ള
ഡോ. ചിത്ര എസ്
ഡോ. ദിവ്യ എസ് അയ്യര്‍
ഡോ. രേണു രാജ്
ഡോ. നവ്‌ജ്യോത് ഖോസ

കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ മെഡിക്കല്‍ ബിരുദമുള്ളവരാണിവരെല്ലാം. ഇനിയുമുണ്ട് പല പേരുകളും. പലരും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിയാണ്.

എന്നിട്ടും മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തില്‍ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാന്‍ പോലും തയ്യാറാകാത്ത ഒരു സസ്‌പെന്‍ഷന്‍കാരനെത്തന്നെ വേണം ഈ സര്‍ക്കാരിന് കൊറോണ പ്രതിരോധത്തിന്റെ നിര്‍ണ്ണായകച്ചുമതല ഏല്‍പ്പിക്കാന്‍!

Exit mobile version