കൊവിഡ്; സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല; മൂന്ന് മാസത്തേയ്ക്കുളള ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ചു വെച്ചിട്ടുണ്ട്: പി തിലോത്തമന്‍

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍. 3 മാസത്തേയ്ക്കുളള ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ചു വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി ഉള്‍പ്പെടെയുളള ഉത്പനങ്ങള്‍ എത്തിക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞിരുന്നു. പാല്, പത്രം, ആംബുലന്‍സ്, തുടങ്ങിയവയ്ക്ക് നിയന്ത്രണമില്ല. കടകകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തുറക്കുന്നതില്‍ പ്രശ്‌നമില്ല.

അതെസമയം ഏഴില്‍ക്കൂടുതല്‍ പേര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂട്ടംകൂടരുതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. കൂടാതെ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നത് തടയാന്‍ വ്യാപാര സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

Exit mobile version