‘ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്’; ഖത്തറില്‍ നിന്നെത്തിയതിന് പിന്നാലെ വീടിന് മുന്നില്‍ ബോര്‍ഡും വെച്ച് സ്വയംനീരീക്ഷണത്തില്‍ കഴിഞ്ഞ് ദമ്പതിമാര്‍; മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനത്തിന് കൈയ്യടിച്ച് നാട്ടുകാര്‍

കായക്കൊടി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും ഇത് ലംഘിച്ച് പൊതുഇടങ്ങളിലെല്ലാം കറങ്ങി നടന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ കാരണം ഇന്ന് കേരളം ഒന്നടങ്കം ആശങ്കയിലാണ്.

വിദേശരാജ്യങ്ങളില്‍ നിന്നുമെത്തി കൊറോണ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കറങ്ങി നടക്കുന്നവര്‍ കായക്കൊടി സ്വദേശിയായ വികെ അബ്ദുള്‍ നസീറിനെ ഒന്നു കണ്ടുപഠിക്കേണ്ടത് തന്നെയാണ്. ഖത്തറില്‍ നിന്നുമെത്തിയ അബ്ദുള്‍ നസീറും ഭാര്യയും സന്ദര്‍ശകരെ സ്വീകരിക്കില്ലെന്ന പോസ്റ്ററും വീടിന് മുന്നില്‍ വെച്ച് സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്.

അഞ്ചുദിവസംമുമ്പാണ് ഖത്തറിലെ സന്ദര്‍ശനത്തിനുശേഷം കായക്കൊടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍കൂടിയായ അബ്ദുള്‍ നസീറും ഭാര്യയും നാട്ടില്‍ എത്തിയത്. വീട്ടിലെത്തിയ ഇവര്‍ വീടിന്റെ മുന്നില്‍ ‘ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്, മാര്‍ച്ച് 31 വരെ സന്ദര്‍ശകരെ സ്വീകരിക്കില്ലെ’ന്ന പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്.

പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനായി വരാന്തയില്‍ വലകെട്ടിയിട്ടുമുണ്ട്. ഇതോടെ ഏറെ കാലത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുള്‍ നസീറിനെയും ഭാര്യയെയും ദിവസങ്ങളായിട്ടും സ്വന്തം മക്കളോ, ബന്ധുജനങ്ങളോ, അയല്‍വാസികളോ ആരുംതന്നെ ഇവരെ നേരിട്ട് കണ്ടിട്ടില്ല.

രണ്ടുമാസത്തെ സന്ദര്‍ശനം കഴിഞ്ഞ് ഖത്തര്‍ എയര്‍വേസില്‍ തിരിച്ചെത്തിയ നസീറും ഭാര്യയും കൊറോണരോഗത്തെക്കുറിച്ച് വ്യക്തമായ അറിവും ജാഗ്രതയും ഉണ്ടായിരുന്നതിനാല്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചിരുന്നു. 14 ദിവസം ജനസമ്പര്‍ക്കമില്ലാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം അക്ഷരംപ്രതി പാലിക്കുകയാണ്, ഈ ദമ്പതിമാര്‍.

അബ്ദുള്‍ നസീറും ഭാര്യയും സ്വീകരിച്ച മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനം സാമൂഹികമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ് ഇപ്പോള്‍. സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും വലിയ അംഗീകാരമാണ് ഇവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

Exit mobile version