കൊറോണ വൈറസ് ഇതുവരെ

കൊച്ചി: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 മരണ സംഖ്യ ഉയരുന്നു. ലോകത്താകമാനം കൊവിഡ് മരണങ്ങള്‍ പതിനൊന്നായിരം കടന്നു. ഇന്ന് വരെയുള്ള കണക്ക് അനുസരിച്ച് 11,554 പേരാണ് മരിച്ചത്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 4032 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

ലോകത്തെ 2,77,312 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 91,995 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. 7914 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ത്യയില്‍ ഇതുവരെ 275 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 20 പേര്‍ അതിജീവിച്ചു. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

കേരളത്തില്‍ ഇതുവരെ 40 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ അതിജീവിച്ചു. നിലവില്‍ 37 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇന്നലെ 12 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ എറണാകുളം ജില്ലയിലും 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമുള്ളവരാണ്. പാലക്കാട് ജില്ലയിലുള്ളയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

168 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Exit mobile version