കൊവിഡ്; വൈദ്യുതി ബോര്‍ഡിനും ഇന്ന് അവധി

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച അവധി വൈദ്യുതി ബോര്‍ഡിനും ബാധകം. അതെസമയം പൂര്‍ണ്ണമായും അവധിയായിരിക്കില്ല. വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനും തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനും ഫീല്‍ഡ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു.

കൂടാതെ ട്രഷറികളില്‍ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിങ് നിര്‍ത്തിവെച്ചു. മെയ് 31 വരെയാണ് മസ്റ്ററിങ് നടപടികള്‍ നിര്‍ത്തിയത്. മെയ് 31 വരെ മസ്റ്റര്‍ ചെയ്യാനുള്ളവര്‍ ജൂണ്‍ 30 ന് മുമ്പ് മസ്റ്റര്‍ ചെയ്താല്‍ മതി. ഈ കാലയളവില്‍ മസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ പെന്‍ഷന്‍ തടയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച അവധി നല്‍കിയത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓഫീസ് ജോലിയില്‍ രണ്ടാഴ്ച ക്രമീകരണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരില്‍ ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ ഓഫീസ് ജോലികള്‍ക്ക് തടസം വരാത്ത രീതിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കു ഹാജരാകണം. ഇതിന് ആവശ്യമായ ക്രമീകരണം ഓഫിസ് മേധാവികള്‍ ഉറപ്പാക്കണം. ഓഫീസിലെ 50 ശതമാനം ജീവനക്കാര്‍ ഒരു ദിവസം ജോലിക്കു ഹാജരായാല്‍ മതി.

അത്യാവശ്യ ഘട്ടങ്ങളില്‍ ഓഫീസ് മേധാവി ആവശ്യപ്പെട്ടാല്‍ ഓഫീസില്‍ ഹാജരാകണം. മറ്റ് ദിവസങ്ങളില്‍ ടെലിഫോണിലൂടെയോ മറ്റു ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടണം. ഓഫീസില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ വീടുകളില്‍ ഇരുന്നു ജോലി ചെയ്യാന്‍ ആവശ്യമായ വിപിഎന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തണം.

Exit mobile version