പനിനീര് തളിച്ച് ആനയിക്കുന്നതിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍; വട്ടിയൂര്‍ക്കാവ് ഓട്ടോ ഡ്രൈവറുടെ കൂട്ടായ്മയില്‍ ഒരു മാതൃകാ വിവാഹം, കൈയ്യടി

പത്താംകല്ല് സ്വദേശി സക്കീര്‍ ഹുസൈനും മലയിന്‍കീഴ് സ്വദേശിനി ആമിനയും തമലം സ്വദേശിനി വിഷ്ണുവിന്റെയും ചാക്ക സ്വദേശിനി ഇന്ദുവിന്റെയും മംഗല്യമാണ് നടന്നത്.

തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വന്‍ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹം പോലുള്ള ചടങ്ങുകള്‍ ലളിതമാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ഒരു ഇരട്ടകല്യാണമാണ് ചര്‍ച്ചയാവുന്നത്. വട്ടിയൂര്‍ക്കാവ് ഓട്ടോ ഡ്രൈവേഴ്‌സ് സാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തില്‍ നിരാലംബരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒരുക്കിയ മംഗല്യമാണ് ശ്രദ്ധേയമായത്.

പത്താംകല്ല് സ്വദേശി സക്കീര്‍ ഹുസൈനും മലയിന്‍കീഴ് സ്വദേശിനി ആമിനയും തമലം സ്വദേശിനി വിഷ്ണുവിന്റെയും ചാക്ക സ്വദേശിനി ഇന്ദുവിന്റെയും മംഗല്യമാണ് നടന്നത്. വട്ടിയൂര്‍ക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇസ്ലാമിക മതാചാര പ്രകാരം സകീര്‍ ഹുസ്സൈന്‍ – ആമിന എന്നിവരുടെ വിവാഹം നടന്നു. ശേഷം ഹിന്ദു മതാചാരപ്രകാരം വിഷ്ണുവിന്റെയും ഇന്ദുവിന്റെയും വിവാഹം നടന്നു. അടുത്തബന്ധുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സര്‍ക്കാരിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വധുവരന്മാരും, ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും മാസ്‌ക് ധരിച്ചാണ് എത്തിയത്. ഇതും വിവാഹത്തിന്റെ മാറ്റ് കൂട്ടി. വിവാഹ ചടങ്ങിനെത്തിയവരെ പനിനീര് തളിച്ച് ആനയിക്കുന്നതിന് പകരം ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷമാണ് വിവാഹമണ്ഡപത്തിലേക്ക് കടത്തിവിട്ടത്. മുന്‍കരുതലിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തവരുടെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും സമിതി അംഗങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറിയതായി അറിയിച്ചു. ആരോഗ്യവകുപ്പിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത്. ഇതാണ് കൈയ്യടി നേടാനും ഇടയാക്കിയത്.

1500 പേരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന വിവാഹ ചടങ്ങാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വെറും 100 പേരില്‍ ഒതുക്കി നടത്തിയത്. വിവാഹ ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഓരോരുതര്‍ക്കും അഞ്ച് പവന്‍ സ്വര്‍ണ്ണം, വിവാഹ വസ്ത്രം, വിവാഹത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം ഉള്‍പ്പടെ എല്ലാ ചിലവുകളും സമിതി തന്നെയാണ് വഹിച്ചത്.

Exit mobile version