കൊവിഡ് 19; സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ആളുകള്‍ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ടലെറ്റുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

അതേസമയം സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടിയിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പറഞ്ഞത്.

Exit mobile version