വിമാനത്താവളത്തിലെ ആരാധകരുടെ ഗംഭീര സ്വീകരണത്തിന് പിന്നാലെ ബിഗ് ബോസ് താരം രജിത് കുമാര്‍ ഒളിവില്‍; തെരച്ചില്‍ ഊര്‍ജിതം; സ്വദേശമായ ആറ്റിങ്ങലിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ബിഗ് ബോസ് താരം രജിത് കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹത്തിന് വിലക്ക് ലംഘിച്ച് ആരാധകര്‍ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.

രജിത് കുമാറിന്റെ സ്വദേശമായ ആറ്റിങ്ങലിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ അമ്പതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ത്ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഈ വിദ്യാര്‍ത്ഥികള്‍ മറ്റ് കുട്ടികളെ വിളിച്ചു. ഒമ്പത് മണിയോടെ ഇവര്‍ രജിത് കുമാറിനെ സ്വീകരിക്കാനായി ഒത്തുകൂടിയപ്പോഴാണ് വിമാനത്താവളത്തിലെ പോലിസുകാര്‍ വിവരമറിയുന്നത്. പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു രജിത് കുമാറിനെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയത്.

സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ആലുവയില്‍ ലോഡ്ജിലായിരുന്നു സംഭവശേഷം രജിത്കുമാര്‍ തങ്ങിയിരുന്നത്. അന്വേഷണം തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ കടന്നു കളഞ്ഞു. കേസില്‍ ഇന്നലെ രണ്ട് പേരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version