കൊറോണ ഭീതിയിലും വിലക്കുകള്‍ ലംഘിച്ച് കൊല്ലത്ത് 1500 പേരെ പങ്കെടുപ്പിച്ച് കല്ല്യാണം; തടയാന്‍ ശ്രമിച്ച നഗരസഭ ഉദ്യോഗസ്ഥരെ കൈയ്യറ്റം ചെയ്തു

നഗരസഭാ സെക്രട്ടറിയോട് വളരെ വൈകാരികമായിട്ടാണ് വീട്ടുകാര്‍ പ്രതികരിച്ചത്.

കൊല്ലം: സംസ്ഥാനത്ത് ഭീതി പടര്‍ന്ന് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങളും മറ്റും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അവയെല്ലാം അവഗണിച്ച് കൊല്ലത്ത് വിവാഹം നടത്തി. ഇതേതുടര്‍ന്ന് ആള്‍ക്കൂട്ടത്തെ തടയാന്‍ ശ്രമിച്ച കൊല്ലം നഗരസഭ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു. കൈയേറ്റം നടത്തിയ അഭിഭാഷകനെതിരെ കോര്‍പറേഷന്‍ സെക്രട്ടറി പോലീസില്‍ പരാതിയും നല്‍കി.

ഇതേതുടര്‍ന്ന് വിവാഹം നടത്തിയ ടൗണ്‍ ഹാള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടി. വര്‍ക്കലയില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി കൊല്ലത്തടക്കം സന്ദര്‍ശനം നടത്തിയിരുന്നു. അതിനാല്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് 1500 പേര്‍ പങ്കെടുത്ത വിവാഹം നടത്തിയത്.

ഇതറിഞ്ഞ് വിവാഹവേദിയിലേക്ക് നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തി വിവാഹചടങ്ങുകളില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ നഗരസഭാ സെക്രട്ടറിയോട് വളരെ വൈകാരികമായിട്ടാണ് വീട്ടുകാര്‍ പ്രതികരിച്ചത്. ഇവര്‍ സെക്രട്ടറിയെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.

Exit mobile version