ലോകം മുഴുവന്‍ വ്യാപിച്ച ഒരു പകര്‍ച്ച വ്യാധിയെ ആരോഗ്യവകുപ്പ് മാത്രം വിചാരിച്ചാല്‍ നേരിടാന്‍ കഴിയുമോ?; പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും പിന്നീടാകം, പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളണം, അപേക്ഷയാണ്; പ്രതിപക്ഷത്തോടെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും പിന്നീടാകം, ഈ മഹാദുരന്തത്തെ നേരിടുന്ന സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നിയമസഭയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

118 ലോകരാഷ്ട്രങ്ങളില്‍ ഈ അസുഖം ബാധിച്ചുകഴിഞ്ഞു. ലോകം ഇതുവരെയില്ലാത്ത ഒരു മഹാമാരിയെയാണ് നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭ തന്നെ പറഞ്ഞുകഴിഞ്ഞു. വളരെ മികച്ച പ്രതിരോധ സംവിധാനങ്ങളുള്ള യുകെയും യുഎസും ഈ രോഗത്തിന്റെ പിടിയിലായി. രാജ്യത്തിന്റെ ഗൈഡ് ലൈനുകളും നമ്മള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ചില ഗൈഡ് ലൈന്‍സും അനുസരിച്ചാണ് നിലവില്‍ രോഗത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിനിടയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. എല്ലായിടത്തും വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഏറ്റവും നല്ല സംവിധാനങ്ങളുള്ള ചൈനയില്‍ കൂട്ടത്തോടെ ആളുകള്‍ മരിക്കുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ മരണസംഖ്യ 30ല്‍ ഏറെയായി . ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിച്ചാലും ചില ലൂപ്പ്ഹോള്‍സ് ഉണ്ടായെന്ന് വരുമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരത്തിലൊന്ന് സംഭവിക്കാതിരിക്കാന്‍ ഭഗീരഥ പ്രയത്നമാണ് കേരളത്തിലെ ഗവണ്‍മെന്റ് ഇപ്പോള്‍ നടത്തുന്നത്. അപ്പോള്‍ അതിനെ എന്തെങ്കിലും കുറ്റപ്പെടുത്താനുണ്ടോയെന്ന് കണ്ടുപിടിച്ച് ആക്രമിക്കുന്നത് ഈ സമയത്ത് ശരിയല്ല. അതിന് പിന്നീട് അവസരമുണ്ട്. ഈ പ്രശ്നത്തിന്റെ ഗൗരവം പ്രതിപക്ഷം ഉള്‍കൊള്ളണമെന്നാണ് തന്റെ അപേക്ഷയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവന്‍ വ്യാപിച്ച ഒരു പകര്‍ച്ച വ്യാധിയെ ആരോഗ്യവകുപ്പ് മന്ത്രി ഒറ്റയ്ക്ക് വിചാരിച്ചാല്‍ നേരിടാന്‍ കഴിയുമോ? ആരോഗ്യവകുപ്പ് വിചാരിച്ചാല്‍ കഴിയുമോ? എന്നും മന്ത്രി കെകെ ശൈലജ ചോദിച്ചു. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മുഴുവന്‍ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതൊക്കെ പറയാനുള്ള വക്താവ് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കൊണ്ട് സ്വഭാവികമായും ഞാനായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സന്ദര്‍ഭത്തില്‍ പോലീസ് എന്താണ് ചെയ്യേണ്ടതെന്നും ഓരോ വകുപ്പും എന്താണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഴുതടച്ചുള്ള നടപടികളാണ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളത്. പക്ഷേ എല്ലാ പഴുതുകളും അടയണമെങ്കില്‍ പ്രതിപക്ഷത്തിന്റെ കൂടി സഹായം ഉണ്ടാകണം. മറുഭാഗത്ത് നിന്ന് ആക്രമിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Exit mobile version