കൊറോണ വൈറസ്; സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ഇനി ജനങ്ങള്‍ നേരിട്ട് വരേണ്ട, സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കാം; പുതിയ സംവിധാനം ഒരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം

തൃശ്ശൂര്‍: വാട്‌സ് ആപ്പ് വഴിയും ഇ- മെയില്‍ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരില്‍ എത്തിക്കാന്‍ പുതിയ സംവിധാനം ഒരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആളുകള്‍തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനും രോഗവ്യാപനസാധ്യത തടയുന്നതിനുമാണ് ഇത്തരത്തില്‍ ഒരു സൗകര്യമൊരുക്കുന്നതെന്ന് കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പരസമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദല്‍ സൗകര്യമൊരുക്കിയത്.

വിവിധ ആവശ്യങ്ങള്‍ക്ക് കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിക്കേണ്ടിവരുന്നവര്‍ക്ക് വീഡിയോകോള്‍ വഴിയും വിവരങ്ങള്‍ അറിയിക്കാം. ഇവ നേരിട്ടുള്ള അപേക്ഷയായി കണക്കാക്കി അതില്‍ തുടര്‍നടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് സാമൂഹികമാധ്യമവേദി ഉപയോഗപ്പെടുത്തുന്നത്. അതേസമയം, കോടതി നിര്‍ദേശപ്രകാരമുള്ള ഹിയറിങ് കേസുകളില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

കളക്ടര്‍, ഇരിങ്ങാലക്കുട-തൃശ്ശൂര്‍ ആര്‍.ഡി.ഒ.മാര്‍, ഏഴ് തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്കാണ് ഇപ്രകാരം അപേക്ഷകള്‍ നല്‍കാന്‍ കഴിയുക. കളക്ടര്‍ക്ക് അപേക്ഷകള്‍ അയയ്‌ക്കേണ്ട വാട്‌സ് ആപ്പ് നമ്പര്‍: 9400044644.ഇ- മെയില്‍ വിലാസങ്ങള്‍:tsrcoll.ker@nic.in (കളക്ടറേറ്റ്), thlrtsr.ker@nic.in (തൃശ്ശൂര്‍ താലൂക്ക്), thlrtpy.ker@nic.in (തലപ്പിള്ളി താലൂക്ക്), thlrmkm.ker@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.ker@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂര്‍ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gmail.com (തൃശ്ശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ്), rdoijk.rev@kerala.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ്).

Exit mobile version