സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ആരോഗ്യ മന്ത്രി കെക ശൈലജ

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെക ശൈലജ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും കൊവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പടെ മതപാഠശാലകള്‍ക്കു വരെ നിര്‍ദ്ദേശം ബാധകമാണെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. കോച്ചിംഗ് സെന്ററുകള്‍, മതപഠനം തുടങ്ങി എല്ലാവര്‍ക്കും ഉത്തരവ് ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Exit mobile version