കൊറോണ; ലക്ഷണങ്ങളുമായി പരിശോധനയ്‌ക്കെത്തിയയാള്‍ മുങ്ങി, അധികൃതരറിയാതെ കടന്നു കളഞ്ഞത് സൗദിയില്‍ നിന്നെത്തിയ കുമളി സ്വദേശി

പാലാ: കൊറോണ ലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയിലെത്തിയയാള്‍ ചികിത്സയ്ക്ക് കാത്തുനില്‍ക്കാതെ മുങ്ങി. സൗദിയില്‍നിന്നെത്തിയ കുമളി സ്വദേശിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചരാത്രി 11-ഓടെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാള്‍ ചികിത്സ തേടിയത്.

കൊറോണ ലക്ഷണമുള്ളതിനാല്‍ ലാബ് ടെസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേക്കുമാറ്റി. എന്നാല്‍, കൂടുതല്‍ പരിശോധനയ്ക്കുമുമ്പ് രാത്രിയില്‍ തന്നെ കടന്നു കളയുകയായിരുന്നു. ഭാര്യയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയെന്നും അവിടെനിന്ന് വിദഗ്ധപരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിട്ടയച്ചതാണെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും പറഞ്ഞു. നല്‍കിയ മേല്‍വിലാസം ശരിയാണോയെന്നും സംശയം നിലനില്‍ക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്.

Exit mobile version