ലോക വനിതാദിന ആഘോഷത്തില്‍ രാജ്യം; പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇന്ന് വനിതകളുടെ കൈകളില്‍; മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതും സ്ത്രീകള്‍

കൊച്ചി: ലോക വനിതാദിന ആഘോഷത്തിലാണ് രാജ്യം. ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളാണ് ഇന്ന് നടപ്പിലാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇന്ന് കൈകാര്യം ചെയ്യുന്നത് വനിതകളായിരിക്കും. കൂടാതെ മൈ ഗവണ്മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നൂറ് കണക്കിന് സ്ത്രീകളെ പരിചയപ്പെടുത്തുകയും ചെയ്തു.

അതേസമയം, വനിതാദിനത്തില്‍ കേരള സര്‍ക്കാരും നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സുരക്ഷ ഒരുക്കുക വനിതാ കമാന്‍ഡോകള്‍ ആയിരിക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഈ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പോലീസ് ഗാര്‍ഡുകളെയും നിയോഗിക്കും.

കൂടാതെ കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ ചുമതലയും വനിതകള്‍ക്കായിരിക്കും. ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍. വനിതാ ദിനത്തിന്റെ തലേ ദിവസം അവകാശ സംരക്ഷണ സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു രാത്രി നടത്തം. മന്ത്രി കെകെ ശൈലജയും വനിതാ ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും രാത്രി നടത്തത്തിന്റെ ഭാഗമായി. വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സ്ത്രീകള്‍ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

പ്രവൃത്തികളിലൂടെ എല്ലാവരേയുംസ്വാധീനിക്കാന്‍ കഴിഞ്ഞ സ്ത്രീകള്‍ക്ക് വനിതാ ദിനത്തില്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നത്. ഇതിനായി ഷി ഇന്‍സ്പയേഴ്‌സ് അസ് എന്ന ഹാഷ് ടാഗില്‍ മാതൃകയായ സ്ത്രീകളെ കുറിച്ച് പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Exit mobile version