‘ഉള്ളത് പറയുന്നവരുടെ വായ് മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം’; മാധ്യമങ്ങളെ വിലക്കിയത് കൊണ്ട് സത്യം മറച്ചുവയ്ക്കാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നതെങ്കില്‍ പ്രധാനമന്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; വിമര്‍ശിച്ച് എംഎം മണി

ഇടുക്കി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്‍ ചാനലിനും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. ഉള്ളത് പറയുന്നവരുടെ വായ് മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും, മാധ്യമ വിലക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളെ വിലക്കിയത് കൊണ്ട് സത്യം മറച്ചുവയ്ക്കാന്‍ പറ്റുമെന്നാണ് പ്രധാനമന്ത്രി വിചാരിക്കുന്നതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് രണ്ടു ചാനലുകളുടെയും സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ നിയമലംഘനം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. 48 മണിക്കൂര്‍ സമയത്തേക്കായിരുന്നു സംപ്രേക്ഷണം വിലക്കിയിരുന്നത്.

എന്നാല്‍ ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞതോടെ അര്‍ദ്ധരാത്രി ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നീക്കി. ഇന്ന് രാവിലെ ഒമ്പതരയോടെ മീഡിയാ വണ്ണിന്റെ വിലക്കും പിന്‍വലിച്ചിരുന്നു. അതെസമയം ചാനലുകള്‍ വിലക്കിയ സംഭവത്തില്‍ പിഴവുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു.

Exit mobile version