നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ അമ്മയെയും ഇടവേള ബാബുവിനെയും വ്യാഴാഴ്ച വിസ്തരിക്കും

കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയും എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും വ്യാഴാഴ്ച വിസ്തരിക്കും. കേസുമായി ബന്ധപ്പെട്ട് 38 പേരുടെ സാക്ഷി വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍.

ഗായിക റിമി ടോമിയെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസിനെയും കഴിഞ്ഞ ദിവസം കോടതി വിസ്തരിച്ചിരുന്നു. അതേസമയം ബുധനാഴ്ച ഹാജരാകേണ്ടിയിരുന്ന നടന്‍ മുകേഷ് എംഎല്‍എ അവധിയപേക്ഷ നല്‍കിയിരുന്നു. അവധിയപേക്ഷ നല്‍കാതെ വിസ്താരത്തില്‍നിന്നു വിട്ടുനിന്ന നടന്‍ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച നേരിട്ടു ഹാജരായി മൊഴിനല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള വാറന്റ് കോടതി നേരത്തേ പുറപ്പെടുവിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

Exit mobile version