‘ആശ്വാസം’; കളമശ്ശേരി മെഡി. കോളേജില്‍ മരിച്ച രോഗിക്ക് കൊവിഡ് 19 ഇല്ല; രണ്ടാം പരിശോധന ഫലവും നെഗറ്റീവ്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന പയ്യന്നൂര്‍ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ രണ്ട് തവണ പരിശോധിച്ചപ്പോഴും കൊറോണ ബാധയില്ലെന്ന് വ്യക്തമായി. മരണ കാരണം വൈറല്‍ ന്യൂമോണിയയാണെന്ന് രണ്ടാം പരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്.

ആദ്യ പരിശോധന ആലപ്പുഴയിലും രണ്ടാമത്തെ പരിശോധന പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് നടത്തിയത്. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു.

രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി നോക്കുന്ന യുവാവ് ഫെബ്രുവരി 27നാണ് കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസ്സവും ഉള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ ഇയാള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാഫലം വരുന്നതിന് മുന്‍പാണ് മരണം.

അതെസമയം സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ പശ്ചത്തലത്തില്‍ വിമാനത്താവളങ്ങളില്‍ അടക്കം നിരീക്ഷണം തുടരുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version