കുടിക്കാനെടുത്ത വെള്ളത്തിന് ദുര്‍ഗന്ധം, പരിശോധിച്ചപ്പോള്‍ കണ്ടത് കിണറ്റില്‍ മനുഷ്യവിസര്‍ജ്യം; കുടിവെള്ളം മുട്ടി ആദിവാസി കുടുംബം

ഇടുക്കി: ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം ചാക്കില്‍ക്കെട്ടി തള്ളി. ദുര്‍ഗന്ധം ഉയര്‍ന്നതോടെ നോക്കിയപ്പോഴാണ് ചെന്നിനായ്ക്കന്‍ കുടി പാലയ്ക്കല്‍ മിനിയുടെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ഉപ്പുതറ പോലീസ് കേസെടുത്തു.

വീട്ടില്‍ നിന്നും 70 മീറ്റര്‍ അകലെയാണ് കിണറ് സ്ഥിതി ചെയ്യുന്നത്. കിണറില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് വീട്ടിലേക്ക് വെള്ളം എത്തിക്കുന്നത്. അയല്‍ വീട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ ഉപയോഗിക്കാനെടുത്ത വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് വിവരം മിനിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.

വീട്ടുകാര്‍ കിണറ് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മനുഷ്യവിസര്‍ജ്യം കാണപ്പെട്ടത്. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. സംഭവത്തെത്തുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായി പോലീസില്‍ സമീപിച്ചു.

വീട്ടുകാരുടെ പരാതിയില്‍ ഉപ്പുതറ പോലീസ് കേസെടുത്തു. മനുഷ്യവിസര്‍ജ്യം കണ്ടെത്തിയതോടെ ബാക്റ്റീരിയയോ, വിഷാംശമോ ഉണ്ടോ എന്നറിയാന്‍ വെള്ളയാംകുടിയിലെ ലബോര്‍ട്ടറിയില്‍ വെള്ളത്തിന്റെ സാംബിള്‍ എത്തിച്ചു. എന്നാല്‍ മിനിയുടെ കുടുംബത്തിന് ഫീസടക്കാന്‍ മാര്‍ഗം ഇല്ലാത്തതിനാല്‍ പരിശോധന നടന്നില്ല.

കുടുവെള്ളം മുട്ടിച്ച് മനുഷ്യത്വരഹിതമായ പ്രവര്‍ത്തി നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് മിനി ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധരുടെ നീചമായ പ്രവര്‍ത്തിയില്‍ ഒരു പ്രദേശത്തുകാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.

Exit mobile version