വീട് കിട്ടിയവരില്‍ എല്‍ഡിഎഫുകാര്‍ മാത്രമല്ല, യുഡിഎഫുകാരുമുണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി തോമസ് ഐസക്ക്

തൃശ്ശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. വീടു കിട്ടിയവരില്‍ എല്‍ഡിഎഫുകാര്‍ മാത്രമല്ല, യുഡിഎഫുകാരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെയും ബിജെപിയുടെയും വിമര്‍ശനങ്ങള്‍ക്ക് തോമസ് ഐസക്ക് മറുപടി പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മറുപടി.

ഫേസ്ബുക്ക് പോസ്റ്റ്:

രണ്ടു ലക്ഷം കുടുംബങ്ങളില്‍ വിടരുന്ന പുഞ്ചിരി പങ്കുവെയ്ക്കാന്‍ നമ്മുടെ പ്രതിപക്ഷ നേതാക്കള്‍ക്കു താല്‍പര്യമുണ്ടോ എന്നതു മാത്രമാണ് ചോദ്യം. ഇന്നലെ വരെ ഭവനരഹിതരായിരുന്ന രണ്ടുലക്ഷം പേര്‍ക്ക് ഇന്നു മുതല്‍ അടച്ചുറപ്പുള്ള മെച്ചപ്പെട്ട വീടുകള്‍ സ്വന്തമാവുകയാണ്. അത് കേരളത്തിന്റെ നേട്ടമാണ്. രാജ്യത്തിനു മുന്നില്‍ നാം മുന്നോട്ടു വെയ്ക്കുന്ന മറ്റൊരു മാതൃക. ഒരു ജനതയെന്ന നിലയില്‍ അഭിമാനം പങ്കിടാനാണ് പ്രതിപക്ഷത്തെ ക്ഷണിച്ചത്. രാഷ്ട്രീയ സങ്കുചിതത്വം അതിനവരെ തടയുന്നുവെങ്കില്‍ നിര്‍ഭാഗ്യകരം എന്നേ പറയാനുള്ളൂ.

ലൈഫ് മിഷന്‍ രണ്ടു ഘട്ടമായാണ് വീടു നിര്‍മ്മാണം ഏറ്റെടുത്തത്. രണ്ടു ലക്ഷം വീടുകളില്‍ 55000 വീടുകള്‍, നേരത്തെ നിര്‍മ്മാണം ആരംഭിച്ചു മുടങ്ങിക്കിടന്നതാണ്. പതിനഞ്ചു വര്‍ഷത്തോളം പഴക്കമുള്ള വീടുകള്‍ അക്കൂട്ടത്തിലുണ്ട്. അത്തരം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയെന്തു ചെയ്യണം എന്ന് ലൈഫ് മിഷന്‍ പരിഗണിച്ചു. ആവശ്യമായ പണം അനുവദിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തു.

മുഖ്യമന്ത്രി വ്യക്തമാക്കിയതുപോലെ, വീടു വാസയോഗ്യമായി എന്നതാണ് ഞങ്ങളതില്‍ കാണുന്ന ആശ്വാസം. എത്രയോ കാലമായി മുടങ്ങിക്കിടന്നതും ഇനിയൊരിക്കലും പൂര്‍ത്തീകരിക്കാനാവില്ലെന്ന് ഉടമകള്‍ ആശങ്കപ്പെട്ടിരുന്നതുമായ വീടുകള്‍ ഇന്ന് വാസയോഗ്യമാവുകയാണ്. അതില്‍ കുറേ വീടുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചവയുമുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വീടുകള്‍ എന്തുകൊണ്ട് മുടങ്ങിപ്പോയി എന്നു വേണമെങ്കില്‍ ഞങ്ങള്‍ക്കു മറുപടി പറയാം. പക്ഷേ, ഈ ഘട്ടത്തില്‍ അതിനൊന്നുമല്ല മുന്‍ഗണന. പലകാലങ്ങളിലായി പണിയാരംഭിച്ചു മുടങ്ങിപ്പോയ വീടുകള്‍ ദൃഢനിശ്ചയത്തോടെ പൂര്‍ത്തീകരിക്കുമ്പോള്‍, അതിന്റെ ഉടമകള്‍ക്ക് കിട്ടുന്നൊരു സന്തോഷമുണ്ട്. ഒരിക്കലും നടക്കില്ലെന്നു കരുതിയത് നടക്കുമ്പോഴുണ്ടാകുന്ന സന്തോഷം. ആ സന്തോഷം സര്‍ക്കാരിന്റേതാണ്. സമൂഹത്തിന്റേത് മുഴുവനുമാണ്. അതില്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ല.

ലൈഫ് മിഷന്റെ രണ്ടാം ഘട്ടം ഭൂമിയുളള ഭവനരഹിതര്‍ക്കുള്ള വീടു നിര്‍മ്മാണമാണ്. മൂന്നാം ഘട്ടം ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കുള്ള വീടു നിര്‍മ്മാണം. ഇങ്ങനെയൊരു നയപരമായ തീരുമാനവും അതിന്റെ നിര്‍വഹണവും തീര്‍ച്ചയായും ഈ സര്‍ക്കാരിന്റെ സംഭാവനയാണ്.

എന്താണ് ലൈഫ് മിഷന്‍ വീടുകളുടെ പ്രത്യേകതകള്‍?

1) കൂടുതല്‍ വലുപ്പമുള്ളതും മെച്ചപ്പെട്ടതുമായ 400 ചതുരശ്രയടി വീടുകളാണ് നല്‍കുന്നത്. മുമ്പുണ്ടായിരുന്ന 2.5ലക്ഷം രൂപയ്ക്കു പകരം 4ലക്ഷം രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. തൊഴിലുറപ്പിന്റെ ഭാഗമായിരുന്ന സ്വയം വേലയുടെ കൂലിയും സൗജന്യ കട്ടയുടെ വിലയും കണക്കിലെടുത്താല്‍ ഓരോ വീടിനും 4.25ലക്ഷം രൂപയെങ്കിലും ചെലവു വന്നിരിക്കണം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കുന്നതിനുള്ള അനുവാദമുണ്ടായിരുന്നു.

2) ഏറ്റവും അര്‍ഹരായവര്‍ക്ക് വീട് നല്‍കുക എന്നതായിരുന്നു നയം. മുമ്പ് വീട് നല്‍കിയവരെല്ലാം അനര്‍ഹരായവരാണെന്ന വിവക്ഷയുമില്ല. പക്ഷെ, പാവങ്ങളില്‍ പാവങ്ങളായ വലിയൊരു വിഭാഗം അവഗണിക്കപ്പെട്ടു. ഇവര്‍ക്കാണ് ലൈഫ് മിഷന്‍ ലിസ്റ്റ് തയ്യാറായപ്പോള്‍ ഏറ്റവും മുന്‍ഗണന നല്‍കിയത്. മാനദണ്ഡങ്ങള്‍ പ്രകാരം ലിസ്റ്റില്‍ വരാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നാംഘട്ടം കഴിഞ്ഞാല്‍ പരിഗണന നല്‍കും. പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിട്ടുപോയവരെ ഇപ്പോള്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്.

3) വീട് നല്‍കുക മാത്രമല്ല, ഈ പാവപ്പെട്ടവര്‍ക്ക് അവകാശമായി ലഭിക്കേണ്ട റേഷന്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, ലേബര്‍ കാര്‍ഡ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

4) ഭൂരഹിതര്‍ക്ക് ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഊന്നല്‍. ഈ ഫ്‌ലാറ്റുകള്‍ക്ക് 500 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണമായി നിശ്ചയിച്ചിട്ടുള്ളത്. ഏതാണ്ട് 10ലക്ഷത്തോളം രൂപ ഓരോന്നിനും ചെലവുവരും. ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. 542 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ തൊഴില്‍ പരിശീലനം, ശിശുപരിപാലനം, ആരോഗ്യ പരിപാലനം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമായിരിക്കും.

മൂന്നു വിമര്‍ശനങ്ങളാണ് ഈ പദ്ധതിയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. അവയോരോന്നായി പരിശോധിക്കാം.

കേന്ദ്രത്തിന്റെ പദ്ധതിയാണെന്നാണ് ബിജെപിയുടെ വാദം. കേന്ദ്രസര്‍ക്കാരിന്റെ സ്‌കീമായ പിഎംഎവൈയും മറ്റും ഇതുമായി സംയോജിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ തരുന്നത് എത്ര രൂപയാണ്? ആ പണം കൊണ്ട് വീടു നിര്‍മ്മിക്കാന്‍ കഴിയുമോ? അക്കാര്യം കൂടി ബിജെപി നേതാക്കള്‍ വിശദീകരിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.

കേന്ദ്ര സംസ്ഥാന സ്‌കീമുകള്‍ സംയോജിപ്പിച്ചു തന്നെയാണ് എല്ലാ പാര്‍പ്പിട പദ്ധതിയും തയ്യാറാക്കുന്നത്. പിഎംഎവൈയില്‍ നിന്ന് ഗ്രാമപ്രദേശത്ത് 72000 രൂപയും നഗരപ്രദേശത്ത് ഒന്നര ലക്ഷം രൂപയും ലഭിക്കും. ബാക്കി പണം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഇന്നോളം നടപ്പാക്കിയിട്ടുള്ള എല്ലാ ഭവനപദ്ധതികളും ഇങ്ങനെ തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

കേരളം സ്വീകരിക്കുന്ന മുന്‍കൈകളുടെ പ്രാധാന്യം മനസിലാകാന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ കണ്ണോടിച്ചാല്‍ മതി. പാവങ്ങള്‍ക്ക് വീടുവെച്ചുകൊടുക്കാന്‍ വിവിധ കേന്ദ്രസ്‌കീമുകള്‍ വഴി സംസ്ഥാനത്തിനു ലഭിച്ച 47 കോടി രൂപയില്‍ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. കേരളത്തില്‍ അതല്ല സ്ഥിതി.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴി ലഭിക്കുന്ന പണത്തിന്റെ എത്രയോ മടങ്ങ് സംസ്ഥാനവും ചെലവിട്ട് പാവങ്ങള്‍ക്ക് വീടുവെച്ചു കൊടുക്കുന്നുണ്ട്. അല്ലാതെ ഗുജറാത്തില്‍ ചെയ്യുന്നതുപോലെ രാത്രിസത്രങ്ങളുണ്ടാക്കുന്ന ചെപ്പടിവിദ്യയല്ല കേരളത്തിന്റെ രീതി.

യുഡിഎഫിന്റെ പ്രധാന പരാതി, ഇപ്പോള്‍ പ്രഖ്യാപിക്കുന്ന രണ്ടുലക്ഷത്തില്‍ 50000 അവരുടെ കാലത്ത് തുടങ്ങിയതാണെന്നാണ്. അതിന്റെ കാര്യം ആദ്യമേ പറഞ്ഞു. ആ കണക്കെടുപ്പിനും താരതമ്യത്തിനും ഈ ഘട്ടത്തില്‍ ഞങ്ങളില്ല. സമയംപോലെ നമുക്കു ചെയ്യാം. പക്ഷേ, ഇപ്പോള്‍ യുഡിഎഫ് ഈ ചടങ്ങു ബഹിഷ്‌കരിക്കുമ്പോള്‍ അവരുടെ പഞ്ചായത്തുകളിലും ആഘോഷത്തോടെ വീടുകള്‍ കൈമാറുകയാണ് എന്ന് ഓര്‍മ്മിക്കുക.

വീടു കിട്ടിയവരില്‍ എല്‍ഡിഎഫുകാര്‍ മാത്രമല്ല, യുഡിഎഫുകാരുമുണ്ട്. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണം.

Exit mobile version