ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തം നില നില്‍ക്കുന്നു,പിന്നോക്കക്കാര്‍ക്ക് പൂജാരിമാരാകാന്‍ കഴിയാത്ത അവസ്ഥയാണ്; വെള്ളാപ്പള്ളി നടേശന്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തം നില നില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി കണയന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച ഗുരുദേവനും സമകാലിക കേരളവും ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് അയിത്താചരണം ശക്തമായി നിലനില്‍ക്കുന്നത്. പിന്നോക്കക്കാര്‍ക്ക് പൂജാരിമാരാകാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവരെ ഊട്ടുപുരകളിലേക്കാണ് നിയമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്നും നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്ലെങ്കിലും മുന്നോട്ട് പോകുന്നത് സന്തോഷകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരി പ്രവേശിക്കുന്നതിനെയും വെള്ളാപ്പള്ളി ചോദ്യം ചെയ്തു.

Exit mobile version