കണ്ണീരോടെ മലയാള മണ്ണ്; ദേവനന്ദയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും താരങ്ങളും, ദുരൂഹത അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

കൊല്ലം: കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. രാഷ്ട്രീയ. സാമൂഹ്യ, ചലച്ചിത്ര രംഗത്ത് നിന്നുള്ളവരാണ് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്‍മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ ദേവനന്ദയ്ക്ക് ഫേസ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി.

വ്യാഴാഴ്ച ദേവനന്ദയെ കാണാതായത് മുതല്‍ തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ചലച്ചിത്രതാരങ്ങളുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. നിമിഷങ്ങള്‍ക്കകമാണ് ദേവനന്ദയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. കേരളക്കരയും കുട്ടിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്.

ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.’ കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മരണത്തില്‍ നാട്ടുകാര്‍ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Exit mobile version