മീന്‍ നന്നാക്കുന്നതിനിടെ വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നു; പരാതിയുമായി വയനാട് സ്വദേശി

മാനന്തവാടി: മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീന്‍ നന്നാക്കുന്നതിനിടെ വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നതായി പരാതി. വയനാട് മാനന്തവാടി ക്ലബ്ബ്കുന്ന് സ്വദേശി വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. മാനന്തവാടി എരുമത്തെരുവിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ മീന്‍ വാങ്ങിയത്.

മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി വീട്ടിലെത്തി നന്നാക്കുന്നതിനിടെയാണ് വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നത്. ഉടന്‍ തന്നെ കച്ചവടക്കാരെ വിളിച്ച് വിവരം അറിയിച്ചെങ്കിലും മീന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നതെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു മീന്‍വില്‍പ്പനക്കാരുടെ മറുപടി.

ഇതിന് മുമ്പും എരുമത്തെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച മീന്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനിനു രാസവസ്തുവിന്റെ ഗന്ധം ഉണ്ടായെന്നും പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍ ഉണ്ടായെന്നും മാനന്തവാടി അമ്പുകുത്തി സ്വദേശി പരാതി നല്‍കിയിരുന്നു. അതേസമയം മുറയ്ക്ക് പരിശോധന ഉണ്ടാകുന്നതല്ലാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version