സന്നിധാനത്ത് എച്ച് വണ്‍ എന്‍വണ്‍ ബാധയില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും എച്ച്വണ്‍എന്‍വണ്‍ പനിയുണ്ടെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ബോര്‍ഡ്.

സുരക്ഷിതവും ഭക്തര്‍ക്ക് സഹായകരവുമായ സാഹചര്യം ശബരിമല സന്നിധാനത്ത് നില നില്‍ക്കുമ്പോള്‍ സന്നിധാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു എന്ന വാര്‍ത്തകളുമായി ചില മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് ദുരുദ്ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

സന്നിധാനത്ത് ജോലി നോക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കിടയിലും പോലീസുകാര്‍ക്കിടയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്ത പനി എച്ച്വണ്‍എന്‍വണ്‍ ആണെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നില്‍ അത്തരം മാധ്യമങ്ങളുടെ ഗൂഢ അജണ്ടയാണെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി.

സന്നിധാനത്തെ അലോപ്പതി, ഹോമിയോ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരെ ബാധിച്ചിരിക്കുന്നത് സാധാരണ പനിയാണ്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലം പിടിപെട്ടതാണെന്നും ആര്‍ക്കും എച്ച്വണ്‍എന്‍വണ്‍ ബാധ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. പകര്‍ച്ചപ്പനിക്ക് ഫലപ്രദമായ പ്രതിരോധ മരുന്നുവിതരണം ഹോമിയോ ആശുപത്രിയില്‍ നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Exit mobile version