തീപിടിച്ച് പാഞ്ഞ് വന്ന കാര്‍ പണിപ്പെട്ട് നിര്‍ത്തിയത് പെട്രോള്‍ പമ്പിന് മുന്‍പില്‍! നെഞ്ചിടിപ്പോടെ പമ്പ് ജീവനക്കാരും പ്രദേശവാസികളും, സംഭവം തൃപ്പൂണിത്തുറയില്‍

കാറില്‍ അഞ്ച് യുവാക്കളാണ് ഉണ്ടായിരുന്നത്.

തൃപ്പൂണിത്തുറ: തീപിടിച്ച് പാഞ്ഞ് വന്ന കാര്‍ പണിപ്പെട്ട് നിര്‍ത്തിയത് പെട്രോള്‍ പമ്പിന് മുന്‍പില്‍. ഇതോടെ ആശങ്കയുടെയും ഭീതിയുടെയും നിമിഷങ്ങളായിരുന്നു കുറച്ച് നേരം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ ഇടയായത്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട പമ്പിന് മുന്‍വശം ശനിയാഴ്ച വൈകീട്ട് 6.45 നായിരുന്നു സംഭവം. കാറില്‍ അഞ്ച് യുവാക്കളാണ് ഉണ്ടായിരുന്നത്.

ഇവര്‍ ചാടി ഇറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. കല്യാണാവശ്യത്തിനായി വാടകയ്‌ക്കെടുത്ത കാറിനാണ് തീപിടിച്ചത്. വെണ്ണലയില്‍ നിന്ന് വരന്റെ ഉദയംപേരൂരുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറില്‍ ബോണറ്റിന്റെ ഭാഗത്ത് തീ കണ്ട് റോഡിലൂടെ നടന്നുപോയവര്‍ ഒച്ചയെടുക്കുകയായിരുന്നു. ഉടന്‍ കാര്‍ ഒതുക്കി.

അത് പമ്പിന് മുന്നിലായിരുന്നു.ആദ്യം അമ്പരന്ന പമ്പുജീവനക്കാര്‍ അവിടത്തെ അഗ്‌നിശമനയന്ത്രം പ്രവര്‍ത്തിപ്പിച്ച് തീകെടുത്താന്‍ ശ്രമിച്ചു. അപ്പോഴേക്കും അഗ്നിശമന സേനാ യൂണിറ്റും സ്ഥലത്തെത്തി. അവരാണ് തീപൂര്‍ണമായും അണച്ചത്. വലിയ പുകപടലവും ഉണ്ടായി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Exit mobile version