”ചന്ദനലേപ സുഗന്ധം ചൂടിയതാരോ….”; തടവുകാര്‍ക്ക് മുന്നില്‍ ഗായകനായി ഋഷിരാജ് സിങ്; നിറഞ്ഞ കൈയ്യടി

കൊച്ചി; ”ചന്ദനലേപ സുഗന്ധം ചൂടിയതാരോ….” ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ പാട്ടിന് നിറഞ്ഞ കൈയ്യടിയായിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്. ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണല്‍ വോയ്‌സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹം തടവുകാര്‍ക്ക് മുന്നില്‍ ഗായകനായി മാറിയത്.

പരിപാടിക്കെത്തിയ ഋഷിരാജ് സിങിനോട് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ലിജി സുരേഷാണ് പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലറുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ടുപാടാന്‍ സമ്മതിക്കുകയായിരുന്നു. പാട്ടിന്റെ വരികള്‍ ഫോണില്‍ എടുത്ത് അതു നോക്കിയാണ് അദ്ദേഹം പാട്ടുപാടിയത്.

‘ഒരു വടക്കന്‍ വീരഗാഥ’യിലെ പാട്ടായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. ഈണം തെറ്റാതെ അദ്ദേഹം ആസ്വദിച്ച് പാട്ടുപാടി. പാട്ട് കഴിഞ്ഞതോടെ തടവുകാരടക്കം നിറഞ്ഞ കൈയ്യടിയാണ് ജയില്‍ ഡിജിപിക്ക് സമ്മാനിച്ചത്. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളത്തിലെ ജയിലുകള്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്താണെന്നു അദ്ദേഹം പറഞ്ഞു.

Exit mobile version