വിദേശ രാജ്യങ്ങളിലെ പഴങ്ങള്‍ രുചിക്കാന്‍ ഇനി നാട് കടക്കേണ്ട, പൊല്‍പ്പുള്ളിയിലുണ്ട് വിളഞ്ഞ് തുടുത്ത 45 ഇനം പഴങ്ങള്‍! വീട്ടുപരിസരം വിദേശപഴവര്‍ഗങ്ങളുടെ വിളനിലമാക്കി ഷനൂജും പ്രഗദീഷും

പൊല്‍പ്പുള്ളി അത്തിക്കോട്ടിലെ ഷനൂജിന്റെ വീടാണ് വിദേശ രാജ്യങ്ങളുടെ പഴങ്ങളാല്‍ സമ്പന്നമായത്.

ചിറ്റൂര്‍: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ ഉണ്ടെങ്കില്‍ നാട്ടില്‍ ഉള്ളവര്‍ ഓടിയെത്തും എങ്ങും ലഭിക്കാത്ത അപൂര്‍വ്വ ഇനം പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍. അത്രമേല്‍ രുചിയും സ്വീകാര്യതയും ഏറിയതാണ് വിദേശ രാജ്യങ്ങളിലെ പഴങ്ങള്‍ക്ക്. ഇനി ആ പഴങ്ങള്‍ ലഭിക്കാന്‍ പ്രവാസികളുടെ കൈയ്യും കാലും പിടിക്കേണ്ട അതിനായി ടിക്കറ്റും എടുക്കേണ്ട. പൊല്‍പ്പുള്ളിയില്‍ എത്തിയാല്‍ മാത്രം മതി. ഏത് തരം പഴം വേണമെങ്കിലും ലഭ്യമാകും.

പൊല്‍പ്പുള്ളി അത്തിക്കോട്ടിലെ ഷനൂജിന്റെ വീടാണ് വിദേശ രാജ്യങ്ങളുടെ പഴങ്ങളാല്‍ സമ്പന്നമായത്. 45 ഇനം വിദേശപഴവര്‍ഗങ്ങളും തൈകളും ഇവിടെ വിളഞ്ഞുനില്‍ക്കുന്നുണ്ട്. സുഹൃത്തായ പ്രഗദീഷിനൊപ്പം ചേര്‍ന്നാണ് ഷനൂജ് വിദേശ പഴങ്ങളുടെ കൃഷി ആരംഭിച്ചത്. 13 ഏക്കറിലാണ് കൃഷി. തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ, കാനഡ, ആഫ്രിക്ക, വിയറ്റ്‌നാം തുടങ്ങി നിരവധി രാജ്യങ്ങളിലെ ഫലവൃക്ഷങ്ങള്‍ തഴച്ചുവളരുന്നുണ്ട്. പുളിരസം മധുരിപ്പിക്കാന്‍ കഴിവുള്ള ആഫ്രിക്കയിലെ ‘മിറാക്കിള്‍ ഫ്രൂട്ട്’ മുതല്‍ ശരീരത്തിലെ വിയര്‍പ്പിന്റെ ഗന്ധം മാറ്റാന്‍ കഴിവുള്ള പെര്‍ഫ്യൂം ഫ്രൂട്ടായ കംബോഡിയയിലെ ‘കെപ്പല്‍’ വരെ ഇതില്‍പ്പെടും.

റൊളീനിയ (തായ്‌ലന്‍ഡ്), ദുരിയാന്‍ (മലേഷ്യ), ബറാബ (ഓസ്‌ട്രേലിയ), ഡുക്കു (മലേഷ്യ), പെര്‍ഫ്യുമോണ (മലേഷ്യ) തുടങ്ങി ഒട്ടനവധി ഫലവൃക്ഷങ്ങള്‍ വേറെയുമുണ്ട്. മധുരമൂറുന്ന വിദേശമാങ്ങകളും ചക്കകളും സ്ഥലത്തുണ്ട്. മാവുകളായി കനേഡിയന്‍ ബിവര്‍ലി, തായ്‌ലന്‍ഡ് ബ്ലാക്ക്, തായ്‌ലന്‍ഡ് ഗോള്‍ഡ് ഇനങ്ങളും പ്ലാവിനായി വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, മലേഷ്യന്‍ ഹണിഡ്യൂ, തായ്‌ലന്‍ഡ് റെഡ് ജാക്ക് തുടങ്ങിയ ഇനങ്ങളുമാണുള്ളത്.

ഇവയെല്ലാം കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച് വളരുന്നവയാണെന്ന് ഷനൂജ് പറയുന്നു. എട്ട് തരം ഫാഷന്‍ ഫ്രൂട്ട്, അഞ്ച് ഇനം പേരയ്ക്ക, നാലുതരം പപ്പായ എന്നിവയും ഇവിടെ വളരുന്നു. വിദേശ പഴവര്‍ഗത്തൈകള്‍ ഇവര്‍ വില്‍പ്പന നടത്തുന്നുമുണ്ട്. ബന്ധുവില്‍നിന്ന് കിട്ടിയ മലേഷ്യന്‍ ചാമ്പയ്ക്ക വര്‍ഷങ്ങള്‍ക്കുമുമ്പ് വെച്ചുപിടിപ്പിച്ചു. അത് തഴച്ചുവളര്‍ന്നതോടെ കൂടുതല്‍ ഇനങ്ങള്‍ പരീക്ഷിക്കാന്‍ സമീപവാസിയും ബയോടെക്‌നോളജി വിദ്യാര്‍ഥിയുമായ പ്രഗദീഷിനെയും (19) ഒപ്പം കൂട്ടി. കൃഷി ഹരമായതോടെ, ഉണ്ടായിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ചാണ് ഷനൂജ് കൃഷിയിലേക്ക് തിരിഞ്ഞത്.

Exit mobile version