പൗരത്വ നിയമത്തിനും ഗവര്‍ണര്‍ക്കും പിന്തുണ; നിയമസഭയിലേക്ക് നാളെ ബിജെപി മാര്‍ച്ച്

തിരുവനന്തപുരം: നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചുമാണ് ബിജെപി മാര്‍ച്ച്. ബജറ്റ് സമ്മേളനത്തിനായി സമ്മേളിക്കുന്ന നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്ന ഗവര്‍ണറെ ഭരണ പ്രതിപക്ഷം ഒന്നടങ്കം വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറെ പിന്തുണച്ച് ബിജെപി രംഗത്ത് വരുന്നത്. അതിനിടെ ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതെസമയം പൗരത്വ പ്രശ്‌നത്തില്‍ ഗവര്‍ണ്ണര്‍-സര്‍ക്കാര്‍-പ്രതിപക്ഷ ഭിന്നത അസാധാരണ നിലയില്‍ തുടരുമ്പോഴാണ് സഭ ചേരുന്നത്. നാളെത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണ്ണര്‍ എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷക്കിടെയാണ് സഭാ സമ്മേളനം തുടങ്ങാനിരിക്കുന്നത്.

Exit mobile version