കളിയിക്കാവിള കൊലപാതകം; തോക്ക് കണ്ടെത്തി, സൈനികര്‍ ഉപയോഗിക്കുന്ന തോക്കാണിതെന്ന് പോലീസ്

കൊച്ചി: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ ഗ്രേഡ് എസ്‌ഐ വില്‍സനെ വെടിവെച്ച് കൊന്ന കേസില്‍ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയന്‍ നിര്‍മിത തോക്കാണ് കണ്ടെടുത്തതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി. ഈ തോക്ക് എങ്ങനെയാണ് പ്രതികള്‍ക്ക് ലഭിച്ചെതെന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന് ക്യൂബ്രാഞ്ച് അറിയിച്ചു.

എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയില്‍ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്. അതിന് ശേഷമാണ് കൊലപാതക വാര്‍ത്ത പത്രത്തില്‍ കാണുന്നത്. ഇത് കണ്ടതോടെ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ തള്ളുന്ന ഇടത്തുള്ള ഓടയില്‍ പ്രതികള്‍ തോക്ക് ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ കേസിലെ മുഖ്യ ആസൂത്രകനായ അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതികളുടെ തീവ്രവാദ ബന്ധത്തിലേക്കും അന്വേഷണം നീളുകയാണ്. കേസ് എന്‍ഐഎക്ക് കൈമാറുന്ന ഘട്ടത്തിലാണ് കൃത്യത്തിന് ഉപയോഗിച്ച തോക്കിന്റെ നിര്‍ണായക തെളിവ് തമിഴ്‌നാട് പോലീസിന് ലഭിച്ചിരിക്കുന്നത്. അതേസമയം ഈ തോക്ക് തന്നെയാണോ പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരുകയാണ്.

Exit mobile version