കോഴിക്കോട് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷാ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും. 24 മണിക്കൂറിലേക്കാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണി മുടക്കുന്നത്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. മറ്റ് ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ സാവകാശം അനുവദിക്കണം എന്നിവയാണ് സമരക്കാരുടെ ആവശ്യം.

ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് തൊഴില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതിയുടെ പരാതി. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഓട്ടോതൊഴിലാളികള്‍ പണി മുടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായി, സബ്‌സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോട്ടുളളത്.

Exit mobile version